കൊച്ചി: നിർമാണ സൈറ്റില്‍ നിന്നു 100 കിലോയോളം ഇരുമ്പ് വസ്തുക്കൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ രണ്ടു പേർ പിടിയിലായി. ദിണ്ടിഗല്‍ സ്വദേശി ഗോപാലകൃഷ്ണന് (45), രാമനാഥപുരം സ്വദേശി പ്രഭു (39) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് റോഡില്‍ ഇന്‍കം ടാക്സ് ഓഫീസിന് സമീപത്തായി നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് പ്രതികള്‍ പലപ്പോഴായി മോഷണം നടത്തിയത്. എറണാകുളം കോണ്‍വന്റ് ജംഗ്ഷനു സമീപത്ത് നിന്ന് സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.