ധർമജൻ ബോൾഗാട്ടി നിർമാണ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു. നല്ല കഥകളുമായി നവാഗതർ വരുന്നുണ്ടെങ്കിലും നായക നേരിട്ട് സമീപിക്കാൻ സാധിക്കാത്ത സാഹചര്യം മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും ഇതാണ് നിർമാണ മേഖലയിലേക്കു കയറുവാൻ തനിക്കുണ്ടായ പ്രചോദനമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ ഒന്നു രണ്ട് സിനിമകളുടെ പിന്നിൽ നിന്ന് അത് ഒരു പ്രൊജക്ടായി രൂപപ്പെടുത്തിയെടുക്കാൻ വേണ്ട ഒത്താശകൾ ഞാനാണ് ചെയ്തു കൊടുത്തത്. നല്ല കഥകൾ പറയുവാൻ പുതിയ കഥാകാരന്മാരും തിരക്കഥാകൃത്തുകളും വരുന്നുണ്ട്. എന്നാൽ അവരിൽ പലർക്കും ഇന്ന് സിനിമ മേഖലയിലെ പ്രമുഖരും തിരക്കുള്ളവരുമായ നായക നടന്മാരോട് കഥ പറഞ്ഞു കേൾപ്പിക്കാൻ പോലും സാധിക്കുന്നില്ല, നായക നടന്റെ അടുക്കൽ എത്താൻ കഴിയുന്നില്ല എന്ന കാരണത്താൽ പല സിനിമകളും നടക്കാതെ പോകുന്നുമുണ്ട്.
ഈ സാഹചര്യത്തിൽ എന്റെ പരിചയക്കാരും സുഹൃത്തുക്കളുമായ ചിലരുടെ കഥ ഞാൻ കേൾക്കുകയും അത് നായക നടന്മാരിൽ എത്തിക്കുകയും കഥ ഇഷ്ടമായപ്പോൾ പ്രൊഡ്യൂസർ ഉൾപ്പടെയുള്ള സന്നാഹങ്ങൾ ഞാൻ അവരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒന്നു രണ്ട് അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് സ്വന്തമായി സിനിമ നിർമിച്ചാലൊ എന്ന തീരുമാനത്തിൽ ഞാൻ എത്തിയത്.
ആദിത്യ ക്രിയേഷൻസ് എന്ന് ബാനറിൽ ധർമജനൊപ്പം സുഹൃത്തുക്കളായ മനു, സുരേഷ് എന്നിവരും നിർമാണ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഈ ബാനറിൽ നിർമിക്കുന്ന ആദ്യ സിനിമയുടെ ഷൂട്ടിംഗ് മാർച്ചിൽ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിക്കും. ഏപ്രിൽ ഏഴിന് ചിത്രത്തെക്കുറിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം നടത്തും. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകൻ.
നിർമാണ മേഖലയിൽ ചുവടുറപ്പിക്കാൻ ധർമജൻ ബോൾഗാട്ടിയും
04:21 PM Feb 08, 2018 | Deepika.com