ന്യൂഡൽഹി: ഫരിദാബാദ് സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകദേവാലയങ്ങളിലൊന്നായ ലഡോ സരായി ലിറ്റിൽ ഫ്ളവർ പള്ളി ഇടിച്ചുനിരത്തിയ സംഭവത്തിൽ ഡൽഹിയിലെ സിറോ മലബാർ ലെയ്റ്റി മൂവ്മെന്റ് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ജൂലൈ 12 തിങ്കളാഴ്ച രാവിലെയാണ് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ഡൽഹി സർക്കാർ അധികൃതർ ഇടിച്ചുനിരത്തിയത്.
10 വർഷത്തിലേറെയായി നാനൂറിലധികം കുടുംബങ്ങളിൽനിന്നുള്ള 1600-ലധികം സീറോ മലബാർ വിശ്വാസികൾ അനുദിനം വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിന്ന ഇടവക പള്ളിയാണ് അധികൃതർ നിഷ്കരുണം തകർത്തെറിഞ്ഞത്. തങ്ങൾക്കു ആത്മീയപോഷണം നൽകിയ, തങ്ങളുടെ കുഞ്ഞുങ്ങൾ വിശ്വാസപരിശീലനം നേടിക്കൊണ്ടിരുന്ന, അവരുടെ കൂദാശാസ്വീകരണങ്ങൾ വളരെ ഭംഗിയായി നടത്തപ്പെട്ട ദേവാലയം തകർന്നുകിടക്കുന്ന കാഴ്ച ലഡോ സരായിയിലെ മാത്രമല്ല ഏതൊരു വിശ്വാസിയുടെയും ഹൃദയം തകർക്കുന്നതാണ്. ഇടവകജനങ്ങളുടെ വേദനയിൽ ഡൽഹി സീറോ മലബാർ ലെയ്റ്റി മൂവ്മെന്റും ആത്മാർഥമായി പങ്കുചേരുന്നു.
ഡൽഹി സർക്കാരിന് കീഴിലുള്ള ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ പുറപ്പെടുവിച്ച ഡെമോളിഷൻ ഓർഡറിൽ വെറും മൂന്നു ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചിരുന്നത്. ഓർഡർ കിട്ടിയതാകട്ടെ ആഴ്ചയുടെ അവസാന ദിവസവും. ഇടവക ജനങ്ങൾ കോടതിയിൽ പോയി സ്റ്റേ വാങ്ങരുത് എന്ന ഉദ്ദേശവും ഇത്രയും തിടുക്കത്തിലുള്ള നടപടിക്കുപിന്നിലില്ലെയെന്നു സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒപ്പം, ഈ വസ്തുവിനെ സംബന്ധിച്ചുള്ള ചില പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലാണെന്ന സാധാരണ പരിഗണന പോലും ബന്ധപ്പെട്ട അധികൃതർ നൽകിയില്ല.
ഈ സംഭവം ഡൽഹിയിലെ ക്രൈസ്തവവിശ്വാസികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന ഒരു മതേതര ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിന്റെ തലസ്ഥാന നഗരിയിൽ, തങ്ങളുടെ ഭാഗം പറയാനുള്ള അവസരമോ സാവകാശമോ നൽകാതെ, തങ്ങൾ ചോരയും നീരുമൊഴുക്കി പണിതുയർത്തിയ ദേവാലയം തകർത്തത്തിൽ വിശ്വാസികൾ വളരെ ദുഃഖിതരും അസ്വസ്ഥരുമാണ്.
അത്യന്തം ദൗർഭാഗ്യകരമായ ഈ സംഭവവികാസങ്ങളിൽ സത്വരനടപടികൾ സ്വീകരിക്കണമെന്നും ലഡോസരായി ഇടവകയിലെ വിശ്വാസികൾക്ക് ആരാധന നടത്തുന്നതിനുള്ള സൗകര്യം ഉടൻ ചെയ്തുതരണമെന്നും ആവശ്യപ്പെട്ട് സീറോ മലബാർ ലെയ്റ്റി മൂവ്മെന്റ് ഡൽഹി മുഖ്യമന്ത്രി, ഡൽഹി ലഫ്റ്റനന്റ് ഗവർണർ, കേന്ദ്ര നഗരകാര്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തു.
കത്തോലിക്ക പള്ളി പൊളിച്ച സംഭവം: ഡൽഹി സീറോ മലബാർ ലെയ്റ്റി മൂവ്മെന്റ് പ്രതിഷേധം രേഖപ്പെടുത്തി
07:06 PM Jul 14, 2021 | Deepika.com