ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കീഴ്ക്കാവിലമ്മയെ പ്രതിഷ്ഠിക്കുന്ന ചടങ്ങ് ജൂണ്‍ 18വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നും 12.15-നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടത്തുന്നു. ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി വടക്കേതിൽമഠം അനീഷ് മേപ്പാടൻ പോറ്റി മുഖ്യ കാർമ്മികത്വം വഹിക്കും.
ചോറ്റാനിക്കര ക്ഷേത്രത്തിലെ ചൈതന്യമാണ് നജഫ്ഗഡ് ക്ഷേത്രത്തിലും കുടികൊള്ളുന്നതെന്ന സങ്കൽപ്പമാണ് കീഴ്ക്കാവിൽ ഭഗവതിയെയും ക്ഷേത്ര സമീപത്തു പ്രതിഷ്ഠിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്നു ഭാരവാഹികൾ പറഞ്ഞു.
കീഴ്ക്കാവിലമ്മക്കുള്ള പൂജാദികൾ, രക്ത പുഷ്പാഞ്ജലി, ശത്രു സംഹാര പൂജ, ഗുരുതി പുഷ്പാഞ്ജലി, കുശ്മാണ്ഡ ഗുരുതി, കൈവട്ടക ഗുരുതി, വലിയ ഗുരുതി, ചെറിയ ഗുരുതി എന്നിവയാണ്. മലയാള മാസത്തിലെ ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ചകളിൽ ഗുരുതി പൂജ നടത്തുന്നതാണ്. മറ്റു പൂജകൾ എല്ലാ ദിവസവും രാവിലെയും വൈകിട്ടുമാണ് നടത്തുക. വെള്ളിയാഴ്ച്ച വൈകുന്നേരം 7.30 മുതൽ ഗുരുതി പൂജയും ഉണ്ടാവും.
സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടെത്തുന്ന ഭക്തജനങ്ങളെ ചടങ്ങിൽ പങ്കെടുക്കുവാൻ അനുവദിക്കും.
പൂജകൾ ബുക്ക് ചെയ്യുവാൻ ക്ഷേത്ര മാനേജർ (9654425750 / 9868990552), ക്ഷേത്രം ജനറൽ സെക്രട്ടറി (8800552070) എന്നിവരുടെ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ക്ഷേത്രത്തിൽ കീഴ്ക്കാവിലമ്മയെ പ്രതിഷ്ഠിക്കുന്നു
11:06 PM Jun 16, 2021 | Deepika.com