ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുള്ള അറിവ് പകരുവാനും അർഹതപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ രേഖകൾ നിരീക്ഷിച്ചു സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള സഹായവുമായി ഡൽഹി മലയാളി അസോസിയേഷന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ രംഗത്ത്.
ആദ്യഘട്ടമെന്ന നിലയിൽ 2020 ഫെബ്രുവരി മുതൽ നാളിതുവരെ കോവിഡ് മൂലം ജീവഹാനി സംഭവിച്ച മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി ഏരിയാ ഭാരവാഹികളോട് കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിൽ സമർപ്പിക്കേണ്ട വിശദാംശങ്ങളടങ്ങിയ സർവേ ഫാറം ഡിഎംഎ തയാറാക്കിയിട്ടുണ്ടെന്നും അവയിലൂടെയാവും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക.
ഏരിയ ഭാരവാഹികളുടെ ശുപാർശകൾക്കൊപ്പം പൂരിപ്പിച്ച ഫോറം അനുബന്ധ രേഖകൾക്കൊപ്പം ഡിഎംഎ സെന്ററിലെ മാനേജർക്ക് സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറങ്ങൾ നിരീക്ഷിച്ചു ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ ഡിഎംഎ നൽകും. അപേക്ഷ ഫോറം സർക്കാരിൽ സമർപ്പിക്കേണ്ട ചുമതല വ്യക്തിപരമായി ചെയേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോവിഡ് ഹെൽപ്പ് ഡെസ്ക് കണ്‍വീനറും വൈസ് പ്രസിഡന്റുമായ മണികണ്ഠൻ കെ വി (9810388593), അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി (98107 91770) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾക്ക് ഡിഎംഎയുടെ വിദഗ്ദ്ധ സംഘം
10:19 PM Jun 15, 2021 | Deepika.com