ചെറുതോണി : വിഴിഞ്ഞം സമരത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേൽ. ഭരണം നടത്തുന്നവരും നിയമം നിർമിക്കുന്നവരും ജനനന്മയ്ക്കായി പ്രവർത്തിക്കണം. തീരദേശ വാസികളുടെ സമരം അടിച്ചമർത്താൻ ശ്രമിക്കുന്നതും വർഗീയ വത്കരിക്കാൻ ശ്രമിക്കുന്നതും ജന വഞ്ചനയാണ്. അക്രമങ്ങളെ ന്യായീകരിക്കുന്നില്ലെങ്കിലും തീരദേശവാസികളുടെ ആശങ്ക അകറ്റാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണം. അതിന് തയാറാകാതെ നിസഹായരായ ജനങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയും സമൂഹ മധ്യത്തിൽ തീവ്രവാദിളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതും ആപത്കരമാണ് - മാർ നെല്ലിക്കുന്നേൽ പറഞ്ഞു.