മുതലക്കോടം: ഹയർ സെക്കൻഡറി വിഭാഗം പരിചമുട്ടിൽ മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. ഉപജില്ലാ മത്സരത്തിനു മുന്പ് മത്സരാർഥികൾക്കെല്ലാം പനി പിടിപെട്ടിരുന്നു. എന്നാൽ, പനി വക വയ്ക്കാതെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. ഇവരിൽ പലരുടെയും പനി പൂർണമായും വിട്ടുമാറുന്നതിനു മുന്പാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. മത്സരത്തിനിടെ വൈദ്യുതി മുടങ്ങി ഓഡിയോയും തകരാറിലായെങ്കിലും എട്ടു പേരും വാശി വിടാതെ മത്സരിച്ച് ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിനു ടിക്കറ്റ് എടുത്തു. ആൽബർട്ട് ജോസഫ്, അബിൻ ബിജു എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. വിദ്യാർഥികൾക്കു മത്സരിക്കാൻ വേണ്ട സാന്പത്തിക സഹായവും പ്രോത്സാഹനവും നല്കി സകൂളിലെ മലയാളം അധ്യാപിക ആൽഫ മരിയയാണ് ഒപ്പമുണ്ടായിരുന്നത്.