മോഹൻലാലിനെ നായകനാക്കി അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളിയിൽ നായിക നാദിയ മൊയ്തു. മോഹൻലാലിന്റെ ഭാര്യയുടെ കഥാപാത്രമായാണ് നാദിയ മൊയ്തു ചിത്രത്തിൽ എത്തുന്നത്. മുന്‍പ് ചിത്രത്തിലെ നായികമാരാകുന്നത് പാർവ്വതി നായർ, മീന, മീരാ ജാസ്മിൻ എന്നിവരിലൊരാളാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഈ വാർത്തകൾ തള്ളിക്കളഞ്ഞ അണിയറ പ്രവർത്തകർ നാദിയ മൊയ്തുവാണ് ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. കന്നഡ താരം കിച്ഛാ സുധീപാണ് ചിത്രത്തിലെ വില്ലൻ.
സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ സാജു തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രധാനഷൂട്ടിംഗ് ലൊക്കേഷനുകൾ തായ്ലൻഡ്, മംഗോളിയ, സതര, മുംബൈ എന്നിവിടങ്ങളാണ്.മൂണ്‍ഷോട്ട് എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ്.ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.
നീരാളിയിൽ ലാലേട്ടനൊപ്പം മീരയല്ല, നാദിയ മൊയ്തു
03:04 PM Feb 06, 2018 | Deepika.com