ന്യൂഡൽഹി: ഗ്രേറ്റർ നോയിഡ ഗുരു ധർമ്മ പ്രചാരണ ട്രസ്റ്റിന്റെ പ്രസിദ്ധീകരണമായ എൻ.എൻ. ഷാജി രചിച്ച ’ശ്രീനാരായണ ഗുരു - മാനവ രാശിയുടെ വെളിച്ചവും പ്രതീക്ഷയും’ എന്ന കൃതിയുടെ പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്തു.
ഇന്ത്യയിലെന്പാടും സൗജന്യമായി വിതരണം ചെയ്യുന്നതിനായി ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ’ശ്രീനാരായണ ഗുരു - ലൈറ്റ് ആൻഡ് ഹോപ്പ് ഓഫ് മാൻകൈൻഡ്’ എന്നു പേരിട്ടിരിക്കുന്ന 12 അധ്യായങ്ങളുള്ള ഈ കൃതിയിൽ ഗുരുവിന്റെ ജീവ ചരിത്രവും ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങളും ഗുരുദേവൻ രചിച്ച പ്രധാനപ്പെട്ട കൃതികളെക്കുറിച്ചും അദ്ദേഹം പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
കാലികപ്രസക്തിയുള്ള ഗുരുവിന്റെ ഉപദേശങ്ങളും പ്രവർത്തി പഥത്തിലൂടെ അദ്ദേഹം നടത്തിയ വിപ്ലവകരമായ സാമൂഹ്യ പരിഷ്കാരങ്ങളും നവോഥനവും ഇതര ഭാഷീയർക്കു കൂടി പരിചയപ്പെടുത്താനാണ് ലളിതമായി ഇംഗ്ലീഷിൽ രചിച്ചതെന്ന് ഗുരു ധർമ്മ പ്രചാരണ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ രചയിതാവ് എൻ.എൻ. ഷാജി പറഞ്ഞു.
2021 മാർച്ച് 8ന് വിദേശ മന്ത്രാലയത്തിന്റെ കാര്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ട്രഷറർ വിശ്വംഭരൻ ബി, മാനേജിംഗ് ട്രസ്റ്റികളായ ടി.ജെ. മധുക്കുട്ടൻ, ടി.ഡി. ജയപ്രസാദ്, വീരേന്ദ്ര ചൗധരി, രാജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി
"ശ്രീനാരായണ ഗുരു മാനവരാശിയുടെ വെളിച്ചവും പ്രതീക്ഷയും' : കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്തു
12:47 AM Mar 10, 2021 | Deepika.com