സംഗീത പ്രതിഭ മഹോത്സവത്തിൽ മാളവിക അജികുമാറിന് വാദ്യകലാ അക്കാദമിയുടെ പുരസ്‌കാരം

11:58 AM Feb 21, 2021 | Deepika.com
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സോലാപുർ ദുർലഭ സുന്ദരി വാദ്യ കലാ അക്കാഡമിയും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി നടത്തിയ സംഗീത പ്രതിഭ മഹോത്സവത്തിൽ പണ്ഡിറ്റ്‌ ചിദാനന്ദ് ജാതവ് സ്‌മൃതി യുവ ഗന്ധർവ് പുരസ്‌കാരം 2021 കുമാരി മാളവിക അജികുമാർ ഏറ്റുവാങ്ങി. പ്രശസ്തി പത്രം, ഫലകം, പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരദാന ചടങ്ങിനുശേഷം മാളവികയുടെ മോഹിനിയാട്ടവും അരങ്ങേറി.

കേരളത്തിന്റെ തനതു നൃത്തമായ മോഹിനിയാട്ടമാണ് ഡോ ദീപ്‌തി ഓംചേരിയുടെ ശിഷ്യയായ മാളവികക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ഡൽഹി മലയാളി അസോസിയേഷന്റെ ദിൽഷാദ് കോളനി ഏരിയ ചെയർമാനും കലാ സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന കലാകാരനുമായ അജികുമാർ മേടയിൽ, അദ്ധ്യാപികയായ ശാലിനി അജികുമാർ എന്നിവരുടെ മകളാണ് യുവ നർത്തകിയും ഗായികയുമായ മാളവിക.

ഭരതനാട്യത്തിൽ ബാംഗ്ലൂരിൽ നിന്നും അഞ്ജനാ രമേശ് ശർമ്മ, ശാസ്ത്രീയ സംഗീതത്തിൽ മുംബൈയിൽ നിന്നും ആദിത്യാ ഖൻഡ്‌വേ, ഹാർമോണിയത്തിൽ ബേൽഗാവിൽ നിന്നും സാരംഗ് കുൽക്കർണി, സിത്താറിൽ കൊൽക്കത്തയിൽ നിന്നും കല്യാൺ മജൂംദാർ, ഓടക്കുഴലിൽ മുംബൈയിൽ നിന്നും നിനാദ് മുന്നാവ്കർ, കഥക് ൽ മുംബൈയിൽ നിന്നും സായ് സദാനന്ദ് എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

റിപ്പോർട്ട്: പി.എൻ. ഷാജി