മഞ്ചേരി: പയ്യനാട് ചോലക്കലിൽ സ്വകാര്യബസ് അപകടത്തിൽപ്പെട്ടു. കരുവാരക്കുണ്ട് ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണം. അപ്രതീക്ഷിതമായി മഴ പെയ്തതിനാൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ അഴുക്ക് ചാലിലേക്ക് ബസിന്റെ ഒരു ഭാഗം ചരിയുകയായിരുന്നു. വൈദ്യുതി തൂണിലിടിച്ച് ബസ് നിന്നത് വൻദുരന്തം ഒഴിവാകാൻ കാരണമായി. മുൻഭാഗത്തെ ഗ്ലാസ് തകർന്നുവെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല.