പെരിന്തൽമണ്ണ: ഗ്രാമങ്ങളെ സ്മാർട്ടാക്കുക, കുടുംബങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നജീബ് കാന്തപുരം എംഎൽഎ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ കമ്മ്യൂണ്‍ റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ആദ്യ വനിതാ സംരംഭത്തിനു ഏലംകുളത്ത് തുടക്കമായി. വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഏലംകുളം ഗ്രാമപഞ്ചായത്തിലെ എളാട് കൂഴന്തറയിലാണ് ഫാഷൻ ഡിസൈനിംഗ്് പരിശീലന കേന്ദ്രം ആരംഭിച്ചത്.ഈ കേന്ദ്രത്തിൽ തയ്യൽ, ഫാഷൻ ഡിസൈനിംഗ് എന്നിവയിൽ മൂന്നു മാസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്കായി വസ്ത്രനിർമാണ യൂണിറ്റ് ആരംഭിക്കും. മണ്ഡലത്തിലെ തൊഴിൽരഹിതരായ വനിതകൾക്കു വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഇത്തരം പരിശീലന കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റു വാർഡിലേക്കും വ്യാപിപ്പിക്കും. 20 പേരടങ്ങുന്ന ബാച്ചിനാണ് ആദ്യം പരിശീലനം നൽകുക. നിലന്പൂരിലെ ജെഎസ്എസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് എളാട്ട് പരിശീലന കേന്ദ്രം ആരംഭിച്ചത്. മണ്ഡലത്തിലെ എല്ലാ കുടുംബത്തിലേക്കും തൊഴിലും വരുമാനവും എത്തിക്കുക എന്നതാണ് ക്രിയാ കമ്മ്യൂണ്‍ എന്ന റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.എളാട് കൂഴന്തറയിൽ നടന്ന ചടങ്ങ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ നാലകത്ത് ഷൗക്കത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖൈറുന്നിസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനിവാസൻ, ഗിരിജ, ഭാരതി, ഫസീല, ജഐസ്എസ് കോ-ഓർഡിനേറ്റർ സാജിത, പി.കെ കേശവൻ, ബദറുദീൻ ബാവ, ക്രിയ കമ്മ്യൂണ്‍ കോ-ഓർഡിനേറ്റർ, സാബിർ എന്നിവർ പ്രസംഗിച്ചു.