ന്യൂഡൽഹി: ഫരീദാബാദ് - ഡൽഹി രൂപതയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനം ജനുവരി 31 ഞായറാഴ്ച ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റി അന്‍പതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ഈ വർഷം വിശുദ്ധ യൗസേപിതാവിന്റെ വർഷമായി 2020 ഡിസംബർ 8 ന് പ്രഖ്യപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് രൂപതാ തലത്തിൽ യൗസേപ്പിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച നടന്നത്. വിശുദ്ധ യൗസേപിതാവിന്റെ നാമത്തിലുള്ള കാൽക്കാജിയിലെ സെന്റ് ജോസഫ് ദേവാലയത്തിലാണ് ഉദ്ഘാടനം നടന്നത്.
ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുകയും ചെയ്തു. അതിനുശേഷം യൗസേപിതാവിന്റെ വർഷത്തിന്റെ അനുസ്മരണത്തിനായി ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രതിഷ്ഠിക്കേണ്ട പതാകയുടെ പ്രകാശനവും ആർച്ച്ബിഷപ്പ് നിർവഹിച്ചു.
ഫരീദാബാദ് രൂപത വികാരി ജനറാൾ മോണ്‍സിഞ്ഞോർ ജോസ് വെട്ടിക്കൽ, കാൽക്കാജി ഇടവക വികാരി ഫാ. ബെന്നി പാലാട്ടി, രൂപതയിലെ മറ്റു വൈദീകർ, സന്ന്യസ്തർ, പാസ്റ്ററൽ കൗണ്‍സിൽ മെന്പെഴ്സ്, കൈക്കാരൻമാർ, വിവിധ സംഘടനകളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള പ്രതിനിതികൾ എന്നിവരും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു
12:01 AM Feb 02, 2021 | Deepika.com