മൂവാറ്റുപുഴ: ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഹൃദയരോഗങ്ങൾ ഉണ്ടാകുവാനുള്ള കാരണങ്ങൾ, പ്രതിവിധി, പ്രതിരോധ മാർഗങ്ങൾ എന്നിവയെ സംബന്ധിച്ച് ഇന്ന് സെമിനാർ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്യും. റിട്ട. ഡോ. ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പോൾ വർഗീസ് ‘ഹൃദയരോഗങ്ങൾ - പ്രതിവിധിയും പ്രതിരോധവും യോഗയിലൂടെ’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ഡോ. പി. നീലകണ്ഠൻ നായർ സെമിനാറിന് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് ജോസ് വടക്കേൽ, സെക്രട്ടറി പോൾ വർഗീസ് എന്നിവർ അറിയിച്ചു.