ന്യൂഡൽഹി: മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശാസ്താ പ്രീതിയോടനുബന്ധിച്ചു തിരുനക്കര വിശ്വരൂപാ ഭജന സമിതി നടത്തിയ ഭജനയിൽ ഉത്തര ഗുരുവായൂരപ്പന്റെ ഗാനമെഴുതിയ പി.എൻ. ഷാജിയെ പൊന്നാട അണിയിച്ചു ആദരിച്ചു.
മണ്ഡല കാലാരംഭത്തിൽ വാട്ട്സ്ആപ്പിലൂടെ അയച്ച ഈ ഗാനം ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥിന് വളരെ ഇഷ്ടപ്പെടുകയും അദ്ദേഹം അത് മറ്റു ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുകയും കൂടാതെ തിരുനക്കര വിശ്വരൂപാ ഭജന സമിതിയിലെ ശ്രീകാന്തിനോട് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശാസ്താ പ്രീതി ദിവസം ആലപിക്കുവാനും അഭ്യർഥിച്ചിരുന്നു.
പ്രശസ്ത ഗസൽ ഗായകനായ പദ്മകുമാർ വർഷങ്ങൾക്കുമുന്പ് ആലപിച്ച ഈ ഗാനം ശരണാർച്ചന എന്ന ഓഡിയോ ആൽബത്തിൽ ഉൾക്കൊള്ളിച്ചിരുന്നുവെങ്കിലും അന്ന് ശ്രദ്ധിക്കപ്പെട്ടില്ല.
ആദരവ് അർപ്പിച്ചുകൊണ്ട് ആർഷ ധർമ്മ പരിഷദ് (എഡിപി.) പ്രസിഡന്റ് ബാബു പണിക്കർ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ് എന്നിവർ ചേർന്നാണ് പൊന്നാട അണിയിച്ചത്. എഡിപി. സെക്രട്ടറി കെ പ്രഭാകരൻ, ജോയിന്റ് സെക്രട്ടറി - കൾച്ചറൽ പി.കെ. ഉണ്ണികൃഷ്ണൻ, നിർവാഹക സമിതി അംഗങ്ങൾ, മുൻ പ്രസിഡന്റ് ഡോ. രമേശ് നന്പ്യാർ, മുൻ സെക്രട്ടറി ഹരിദാസ് തുടങ്ങിയവരും ഭക്തജങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
പൊന്നാട നൽകി ആദരിച്ചു
12:26 AM Dec 15, 2020 | Deepika.com