ന്യൂഡൽഹി: കേരളപ്പിറവി ദിനാഘോഷത്തിൽ മാതൃഭാഷയായ മലയാളം പഠിപ്പിക്കുന്ന അധ്യാപകരെ ഡൽഹി മലയാളി അസോസിയേഷൻ ആദരിക്കുന്നു. അക്ഷര ലോകത്തെ ഡിഎംഎയുടെ ആദ്യ സംരംഭമായ ത്രൈമാസികയുടെ പ്രകാശനവും അതെ ദിവസം നടക്കും.
നവംബർ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ വച്ച് വിവിധ പരിപാടികളോടുകൂടി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 മുതൽ 4.30 വരെ പഠനകേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ചു ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളിലെ അധ്യാപകരുമായി ചർച്ച നടത്തും.
സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വൈകുന്നേരം 5 മുതൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ക്യാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി, കോഓർഡിനേഷൻ & സെക്യൂരിറ്റി വിഭാഗം ഡോ. ജോയ് വാഴയിൽ, ഐ.എ.എസ്. മുഖ്യാതിഥിയാകും. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ സ്വാഗതം ആശംസിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നീമാ നൂർ ആശംസകൾ നേരും. വൈസ് പ്രസിഡന്റും മലയാള ഭാഷാ പഠന കേന്ദ്രം കോർഡിനേറ്ററുമായ കെ.ജി. രാഘുനാഥൻ നായർ, അഡിഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രെസിഡന്റുമായ കെ.ജെ.ടോണി, ജോയിന്റ് ട്രഷറാറും ത്രൈമാസിക കണ്‍വീനറുമായ പി.എൻ. ഷാജി, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി., ട്രഷറർ ജോസ് മാത്യു എന്നിവർ പ്രസംഗിക്കും. തുടർന്ന് ത്രൈമാസികയുടെ പ്രകാശനകർമ്മം നിർവഹിക്കും.
കുട്ടികളുടേയും അധ്യാപകരുടേയും വിവിധ കലാ പരിപാടികൾക്കു ശേഷം ആദരവ് ഏറ്റുവാങ്ങാനെത്തുന്ന ഡി.എം.എ.യുടെ ഡൽഹിയിലെ 25 ശാഖകളിലെ 60ൽപ്പരം അദ്ധ്യാപകരും ഏകോപകരും ഡിഎംഎ. നൽകുന്ന ഫലകവും പ്രത്യേക പാരിതോഷികവും സ്വീകരിക്കും.
റിപ്പോർട്ട്: പി.എൻ. ഷാജി
കേരളപ്പിറവി ദിനത്തിൽ മലയാള ഭാഷാധ്യാപകരെ ഡിഎംഎ ആദരിക്കുന്നു
10:04 PM Oct 29, 2020 | Deepika.com