അങ്കമാലി പശ്ചാത്തലമാക്കി ഒരു ചിത്രം കൂടി റിലീസിന് തയാറെടുക്കുന്നു. ഹൽയാൻ ഗ്രൂപ്പ് പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന ക്യൂബൻ കോളനി എന്ന ചിത്രമാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്. അങ്കമാലിയും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
യുട്യൂബിൽ റിലീസ് ചെയ്ത ക്യൂബൻകോളനിയിലെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധനേടി. ആക്ഷൻ ഹീറോ ബിജുവിലെ മുത്തേ പൊന്നെ... എന്നെ ഗാനത്തിലൂടെ സുപരിചിതനായ അരിസ്റ്റോ സുരേഷ് പാടിയ മാങ്ങാ കറി...എന്ന ഗാനം ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. മനോജ് വർഗീസ് പാറേക്കാട്ടിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലൂടെ 100ഓളം പുതുമുഖങ്ങൾ പ്രേക്ഷകർക്ക് മുന്പിൽ എത്തുന്നു. അങ്കമാലി ക്യൂബൻ കോളനിയിൽ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം മികച്ച ഒരു ആക്ഷൻ ത്രില്ലർ കൂടിയാണ് ക്യൂബൻ കോളനിയെന്നാണ് അണിയറക്കാരുടെ വാദം.
മഹേഷിന്റെ പ്രതികാരം, മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്, അങ്കമാലി ഡയറിസിലൂടെ കടന്നുവന്ന ശ്രീകാന്ത് (പരിപ്പ് മാർട്ടിൻ), നവാഗതരായ ഏബൽ ബി. കുന്നേൽ, ശ്രീരാജ്, ഗോകുൽ എന്നിവർ അഞ്ചു സുഹൃത്തുക്കളായി എത്തുന്നു. ഐശ്വര്യ ഉണ്ണി, ഡി 4 ഡാൻസ് ഫേയിം അനഘ മരിയ വർഗീസ് എന്നിവരാണ് നായിക വേഷങ്ങളിൽ എത്തുന്നത്. മനോജ് വർഗീസ് പാറേക്കാട്ടിലിന്റെയും ഹരിനാരായണന്റെയും വരികൾക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അലോഷ്യ കാവുംപുറത്താണ്.
പുതുമുഖ താരങ്ങളുമായി ക്യൂബൻ കോളനി പ്രദർശനത്തിന്
10:39 AM Jan 27, 2018 | Deepika.com