ഫരീദാബാദ്-ഡൽഹി രൂപത‍യിൽ മതബോധന അധ്യയന വർഷം ഉദ്ഘാടനം ചെയ്തു

07:08 PM Jul 06, 2020 | Deepika.com
ന്യൂഡൽഹി: ഫരീദാബാദ്-ഡൽഹി രൂപത‍യിൽ മതബോധന അധ്യയന വർഷം ഉദ്ഘാടനം ചെയ്തു. ജൂലൈ അഞ്ചിനു രാവിലെ ഫരിദാബാദ്-ഡൽഹി രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.

മാമ്മോദീസായിലൂടെ വിശ്വാസം സ്വീകരിച്ചെത്തുന്നവർക്ക് തങ്ങളുടെ സത്യവിശ്വാസം പരസ്യമായി പ്രഘോഷിക്കാനും ആ വിശ്വാസം ജീവകാരുണ്യ പ്രവർത്തനങ്ങളിലുടെ പ്രാവർത്തികമാക്കാനും അവരെ ഒരുക്കുന്ന വേദിയാണ് മതബോധന ക്ലാസുകൾ. അതിനാൽ മതബോധനത്തെ സമയം പാഴാക്കലായി കരുതരുതെന്നും മാർ ഭരണികുളങ്ങര ഉദ്ബോധിപ്പിച്ചു.

യേശുവിനൊപ്പം തന്നെ സഭയേയും ക്യത്യമായി അറിയുകയും കൂദാശകളിലുടെയും ആരാധനയിലൂടെയും അനുഭവിക്കുകയും അതോടൊപ്പം സഭാ സമുഹവുമായുള്ള ആഴമായ കൂട്ടായ്മയും ഉണ്ടാകുമ്പോഴാണ് നമ്മൾ യഥാർഥ കത്തോലിക്കാ വിശ്വാസത്തിലേക്ക് കടക്കുകയെന്ന് സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ സന്ദേശത്തിൽ പറഞ്ഞു.

കാറ്റക്കിസം ഡയറക്ടർ ഫാ. സാന്‍റോ പുതുമനക്കുന്നത്ത് വിശുദ്ധ കുർബാന അർപ്പിച്ചു. സന്ദേശം നൽകി. നമ്മുടെ ജീവിതത്തിൽ അനുതാപവും അനുരഞ്ജനവും ഇന്ന് ഇപ്പോൾ തന്നെ ഉണ്ടാകേണ്ട ഒരു പ്രക്രിയയാണ് എന്നും അത് നാളേയ്ക്ക് മാറ്റരുതെന്നും ദൈവവും സഹോദരങ്ങളുമായി രമ്യതയിൽ ആകുമ്പോൾ ശിലാഹ്യദയങ്ങൾ പോലും മാംസള ഹ്യദയങ്ങളായി രൂപാന്തരപ്പെടുമെന്നും അച്ചൻ ഓർമിപ്പിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ചടങ്ങ് സാമൂഹികാകലം പാലിച്ചാണ് സംഘടിപ്പിച്ചത്. രൂപതയുടെ ഔദ്യോഗിക മാധ്യമ ചാനലായ ട്രൂത്ത് ടൈഡിംഗിലൂടെ നിരവധി പേർക്ക് തൽസമയം പങ്കുചേരാൻ സാധിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്