ദിവസ വേതനക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളുമാണ് തൊഴിൽ ഇല്ലാത്തതിനാൽ നിത്യവൃത്തിക്ക് മാർഗമില്ലാതെ വലയുന്നത്. ഇത്തരത്തിൽ നിർധനരായ 28000 ത്തോളം കുടുംബങ്ങൾക്ക് ആശ്വാസമേകാനാണ് ബ്രെഡ് നോയിഡ ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും 5 കിലോഗ്രാം വീതം ഗോതന്പുപൊടി നൽകും. സൈക്കിൾ റിക്ഷക്കാർ, നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, മറ്റ് ദിവസ വേതനക്കാർ എന്നിവർ ഉൾപ്പെടുന്ന 22000 കുടുംബങ്ങൾക്ക് ഇതിനകം സഹായം എത്തിച്ചു. സാമൂഹിക അകലം പാലിച്ചും, ആരോഗ്യ, ശുചിത്വ കാര്യങ്ങളിൽ കർശന ജാഗ്രത പുലർത്തിയുമാണ് സഹായ വിതരണം നിർവഹിക്കുന്നത്.
2009 മുതൽ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകി പ്രവർത്തിക്കുന്ന സംഘടന, ഉത്തരേന്ത്യയിൽ ഇതുവരെ നിർധനരായ 44914 കുട്ടികൾക്ക് "മേരീസ് മീൽസ്’' എന്ന പ്രോജക്ടിന് കീഴിൽ ഭക്ഷണം വിതരണം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം എന്നതാണ് ബ്രെഡിന്റെ ആപ്തവാക്യം.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്