ന്യൂഡൽഹി: റോമിലെ പൊന്തിഫിക്കൽ അക്കാഡമി ഓഫ് സോഷ്യൽ സയൻസ് അംഗമായി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ നിയമ, ഭരണനിർവഹണ വിഭാഗം പ്രഫസർ നീരജ ഗോപാൽ ജയലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇന്ത്യക്കാരിയായ ഒരാൾക്ക് ലഭിക്കുന്ന അപൂർവ ബഹുമതിയാണ് ഈ നിയമനം.
പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ പ്രഫ. നീരജ ലോകത്തിലെ അറിയപ്പെടുന്ന പൊളിറ്റിക്കൽ സയൻസ് വിദഗ്ധയാണ്. ലണ്ടനിലെ കിംഗ്സ് കോളജിലും പാരീസിലെ ഇഎച്ച്എസ്എസ്, അമേരിക്കയിലെ പ്രിൻസ്ടണ്‍ യൂണിവേഴ്സിറ്റി, ഓസ്ട്രേലിയയിലെ മെൽബണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും വിസിറ്റിംഗ് പ്രഫസറാണ്. ഓക്സ്ഫഡിലെ ഓൾ സോൾസ് കോളജിൽ രാധാകൃഷ്ണൻ സ്മാരക പ്രഭാഷണവും നടത്തിയിട്ടുണ്ട്.
അമേരിക്കൻ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഡൽഹി ജെഎൻയുവിലെ ഫോർഡ് ഫൗണ്ടേഷൻ സ്ഥാപിച്ച ഡയലോഗ് ഓണ്‍ പ്ളൂറലിസം ആൻഡ് ഡെമൊക്രസി ഇൻ സൗത്ത് ഏഷ്യയുടെ ഡയറക്ടർ, ജെഎൻയു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഡയറക്ടർ, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് ബോർഡംഗം തുടങ്ങിയ നിരവധി പദവികളിലും നീരജ തിളങ്ങിയിരുന്നു.
പ്രഫ. നീരജ ഗോപാൽ റോമിലെ പൊന്തിഫിക്കൽ അക്കാഡമി അംഗം
10:34 AM Apr 19, 2020 | Deepika.com