റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാനക്കമ്പനികൾ തിരിച്ചുനൽകണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം: സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

11:18 AM Apr 18, 2020 | Deepika.com
ന്യൂഡൽഹി: ലോക്ക്ഡൗണിനെത്തുടർന്നു വിമാന കമ്പനികൾ റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവൻ തുകയും കാൻസലേഷൻ ചാർജ് ഈടാക്കാതെ യാത്രക്കാർക്ക് തിരിച്ചുനൽകണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയതിന്‍റെ നിർദ്ദേശം സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ.

ഇന്ത്യയിൽ ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ രണ്ടാം ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് മൂന്നുവരെ വിമാനടിക്കറ്റുകൾ ബുക്കുചെയ്തിട്ടുള്ള എല്ലാവർക്കും കാൻസലേഷൻ ചാർജ് ഈടാക്കാതെ മുഴുവന് തുകയും തിരിച്ചു നല്കണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്പ് ലോക്ക്ഡൗണിനെത്തുടർന്നു റദ്ദാക്കിയ ടിക്കറ്റ് ബുക്കുചെയ്തവർക്ക് പണം തിരികെ നല്കേണ്ടതില്ലെന്ന് വിമാനക്കമ്പനികൾ തീരുമാനിച്ചതായും ആ തുക ഉപയോഗിച്ച് ഭാവിയിൽ യാത്രചെയ്യുന്നതിന് ടിക്കറ്റ് ബുക്കുചെയ്യാൻ അവസരം നല്കുകയാണ് ചെയ്യുന്നതെന്നും അറിയിച്ച് പ്രവാസി ലീഗൽ സെല്ലിന് ഒട്ടനവധി പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്നു റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും യാത്രക്കാർക്ക് നൽകമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ മുന്നോട്ടു വരുകയും ഈ ആവശ്യം അറിയിച്ചു മാർച്ച് 25 നു കേന്ദ്ര വ്യോമയാന മന്ത്രാലയതിന് നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ വിഷയത്തിൽ ഇടപെടുകയും റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവൻ തുകയും കാൻസലേഷൻ ചാർജ് ഈടാക്കാതെ യാത്രക്കാർക്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടത്.

മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇതൊരു ആശ്വാസകരമായ നടപടിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും പ്രവാസി ഇന്ത്യക്കാരുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രവാസി ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം ഡൽഹിയിൽ അറിയിച്ചു.