ഇന്ദ്രപ്രസ്ഥം പീതസാഗരമാക്കി പ്രതീകാത്മക ശിവഗിരി തീർഥാടനം

05:41 PM Jan 07, 2020 | Deepika.com
ന്യൂ ഡൽഹി : കാൽക്കാജി അളകനന്ദയിലെ ശ്രീ ബാലവേണുഗോപാല ക്ഷേത്രത്തിൽ നിന്നും ഗുരുദേവ മന്ത്രങ്ങൾ ഉരുവിട്ട പദയാത്രികരായ ഭക്തസഹസ്രങ്ങൾ ഇന്ദ്രപ്രസ്ഥം പീത സാഗരമാക്കി. പതിനൊന്നാമത് പ്രതീകാത്മക ശിവഗിരി തീർഥാടനത്തിനായി ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് പീതാംബര വേഷധാരികൾ രാവിലെ 8 നു ക്ഷേത്രത്തിലെത്തിയത്. എസ്എൻഡിപി ഡൽഹി യൂണിയന്‍റേയും കാൽകാജി ശാഖയുടെയും ആഭിമുഖ്യത്തിലായിരുന്നു തീർഥാടനം.

ജനുവരി 5 നു രാവിലെ 5 ന് ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര വിദ്യ എന്നീ അഷ്ടാംഗ മാർഗങ്ങളിലൂടെ പ്രായോഗിക ജീവിതം ലളിതമാക്കുന്നതിനായി ശ്രീനാരായണ ഗുരുദേവൻ 87 വർഷങ്ങൾക്കു മുമ്പ് കൽപ്പിച്ചനുഗ്രഹിച്ചതാണ് ശിവഗിരി തീർഥാടനം.

മെഹ്റോളി ശാഖയിൽ നിന്നും ഗുരുദേവ ക്ഷേത്രത്തിലെത്തിച്ച തീർഥാടന പതാക ഉയർത്തൽ കർമം ഡൽഹി യൂണിയൻ സെക്രട്ടറി സി.കെ. പ്രിൻസ് നിർവഹിച്ചു. ശ്രീനിവാസ്‌പുരി നഴ്സസ് റസിഡൻഷ്യൽ കോംപ്ലക്സ് വനിതാ സംഘം സെക്രട്ടറി പ്രീതി ദിനേശൻ പ്രഭാഷണം നടത്തി.

എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വൈസ് പ്രസിഡന്‍റ് ടി.എസ്. അനിൽ, സെക്രട്ടറി സി.കെ. പ്രിൻസ്, യോഗം ബോർഡ് മെമ്പർ എം.കെ. അനിൽ, യൂണിയൻ കൗൺസിലർമാരായ സലി കുമാർ, സി.ഡി. സുനിൽ കുമാർ, വി.ജി. ശശിധരൻ, ബാഹുലേയൻ, കാൽക്കാജി ശാഖാ ഭാരവാഹികളായ ഡി.രവീന്ദ്രൻ, അജയകുമാർ, പൊന്നൻ, വനിതാ സംഘം പ്രസിഡന്‍റ് സുധ ലച്ചു, വൈസ് പ്രസിഡന്‍റ് ഓമന സുരേന്ദ്രൻ, സെക്രട്ടറി ജ്യോതി ബാഹുലേയൻ, ട്രഷറർ ശോഭാ അനിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, കൂടാതെ ശാഖകളിലെ വനിതാ സംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്‍റ് ഭാരവാഹികൾ തുടങ്ങിയവർ തീർഥാടനത്തിനു നേതൃത്വം നൽകി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി