ന്യൂഡൽഹി: ഭരതനാട്യത്തിലെ മികവിന് ദേശീയ പുരസ്കാരത്തിന് അർഹയായ ഗുരു ശ്രീമതി ഉഷ റാവുവിന്റെ ശിഷ്യയും നൃത്യ അഭിനയ എന്ന ഭരതനാട്യ സ്കൂളിലെ വിദ്യാർഥിനിയുമായ അഭിനയ ബാലാജി ഭാരതനാട്യം അവതരിപ്പിച്ചു. ആർ.കെ.പുരം സെക്ടർ 5-ലെ ഡൽഹി തമിഴ് സംഗം ഓഡിറ്റോറിത്തിലായിരുന്നു വേദി.
മൂന്നര വയസിൽ ഗുരു ഉഷാ റാവുവിന്റെ കീഴിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ അഭിനയ, സ്കൂളിന്റെ വാർഷികാഘോഷങ്ങളിൽ സ്ഥിരം ഭരതനാട്യം നടത്തിവരുന്നു. നാടോടി നൃത്തത്തിലും ശാസ്ത്രീയ നൃത്തത്തിലും ജില്ലാ തല മത്സരങ്ങളിലും സ്കൂൾ ലെവൽ മത്സരങ്ങളിലും അഭിനയ തന്റെ നൃത്തപാടവം തെളിയിക്കുകയും കൂടാതെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയുമായിട്ടുണ്ട്. ഒരു ഖോ ഖോ താരം കൂടിയായ അഭിനയ വികാസ് പുരി കേരളാ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
നട്ടുവാങ്കം ഗുരു ഉഷ റാവു, വോക്കൽ എസ്. സത്യനാരായണൻ, മൃദംഗം സദാശിവം ശങ്കർ, വയലിൻ ഉമാ അരുണ്‍, ഫ്ലൂട്ട് ചിറ്റൂർ പതഞ്ജലി, തബല സമീർ ഖാൻ എന്നിവരായിരുന്നു പിന്നണിയിൽ. ജി. മീരാ ആയിരുന്നു അവതാരിക.
മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയും രാജ്യ സഭ എംപിയുമായ പി. വിൽസണ്‍ മുഖ്യാതിഥിയായിരുന്നു. ഓൾ ഇന്ത്യാ ഓവർസീസ് ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും ഡൽഹി തമിഴ് സംഗം ജനറൽ സെക്രട്ടറിയുമായ ആർ. മുകുന്ദൻ, തന്തി ദിനപ്പത്രത്തിന്റെ സീനിയർ ജേർണലിസ്റ്റും ഡൽഹി തമിഴ് സംഗം വൈസ് പ്രസിഡന്റുമായ കെ.പന്നേശ്വരൻ, ഡൽഹി മുത്തമിഴ് പിറവി ജനറൽ സെക്രട്ടറി എൻ. കണ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: പി. എൻ. ഷാജി
അഭിനയ ബാലാജിയുടെ ഭാരതനാട്യം അരങ്ങേറി
10:00 PM Nov 11, 2019 | Deepika.com