ന്യൂഡൽഹി: പതിനേഴാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം നവംബർ 16, 17 (ശനി, ഞായർ) തീയതികളിൽ മയൂർ വിഹാർ ഫേസ് 3-ലെ എ വണ്‍ പാർക്കിൽ അരങ്ങേറും.
16 ശനിയാഴ്ച രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാ ദീപാരാധന, 6:45 മുതൽ ശ്രീ രമേഷ് ഇളമണ്‍ നന്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. രാവിലെ 9ന് ചക്കുളത്തുകാവ് കാര്യദർശിയും അഡ്മിനിസ്ട്രേറ്ററുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
രാവിലെ 10ന് പൊങ്കാല. എ-1 പാർക്കിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിൻറെ ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നന്പൂതിരി പണ്ടാര അടുപ്പിലേക്ക് പകരും. തുടർന്ന് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തസഹസ്രങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലക്കു തുടക്കമാവും. വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, രോഹിണി മഹിളാ കലാവേദി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, അന്നദാനം എന്നിവ നടക്കും.
ചക്കുളത്ത് കാവിൽ നിന്നും എത്തിച്ചേരുന്ന ജയസൂര്യ നന്പൂതിരി, ശ്രീകുമാരൻ നന്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് പൂജാദികർമ്മങ്ങൾ ഇത്തവണയും നടത്തുന്നത്. മണ്ഡലകാലാരംഭത്തോടനുബന്ധിച്ച് അയ്യപ്പ ദർശനത്തിനും മുദ്രമാല അണിയുന്നതിനും പ്രത്യേകം സൗകര്യമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും അതാതു സ്ഥലങ്ങളിലെ കോർഡിനേറ്റർമാരിൽ നിന്നും മുൻകൂട്ടി ബുക്കു ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉത്സവദിവസങ്ങളിൽ ക്ഷേത്രാങ്കണത്തിലെ കൗണ്ടറിൽ നിന്നും വഴിപാടു സാമഗ്രികൾ ബുക്കു ചെയ്യുവാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9810477949, 8130595922 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ ഷാജി
ചക്കുളത്തമ്മ പൊങ്കാല നവംബർ 17ന്
10:19 PM Oct 30, 2019 | Deepika.com