ന്യൂഡൽഹി: സഭക്ക് നീതി നിഷേധിക്കപ്പെടുകയും സ്വന്തം ദേവാലയങ്ങളിൽ നിന്ന് പുറത്താക്കപ്പെടുകയും സെമിത്തേരിയിൽ പോലും പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും, പിറവം പള്ളിയിൽ സഭയിലെ മെത്രാപ്പോലീത്തന്മാരെയും, വൈദികരെയും, വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ചു കൊണ്ട് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഡൽഹി മേഖലയിലെ പള്ളികളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഭദ്രാസന ആസ്ഥാനമായ ഡൽഹി സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ പ്രതിഷേധ യോഗവും പ്രത്യേക പ്രാർഥനയും നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ. ബെന്നി എബ്രഹാം സ്വാഗതം അർപ്പിച്ച യോഗത്തിൽ അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത പിറവം സംഭവത്തെ അതിശക്തമായി അപലപിച്ചു. വരും ദിവസങ്ങളിൽ സഭയോട് ചേർന്നുനിന്ന് ഡൽഹിയിൽ വൻപിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഇതോടൊപ്പം 2009ൽ വി. ആർ കൃഷ്ണയ്യർ സമർപ്പിച്ച ചർച്ച് ആക്ട് പാസാക്കുന്നതിനും യോഗം പൂർണ പിന്തുണ അറിയിച്ചു.
യാക്കോബായ സഭയുടെ സഹനസമരത്തിന് ഡൽഹി ഭദ്രാസനത്തിന്റെ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഫാ. ഷിജു ജോർജ്ജും , ജേബക്ക് ജോഷ്വായും പ്രമേയങ്ങൾ അവതരിപ്പിച്ചു. വൈദിക സെക്രട്ടറി ഫാ. ഐസക് മാത്യു, മുൻ സഭാ സെക്രട്ടറി കമാണ്ടർ രാജൻ സ്കറിയാ, ഭദ്രാസന ട്രഷറർ തങ്കച്ചൻ സ്കറിയാ, സണ്ണി തോമസ് എന്നിവർ സംസാരിച്ചു. ഫാ. റോജി മാത്യു സഭയ്ക്കു വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
റിപ്പോര്‍ട്ട്: നെല്‍സണ്‍ വര്‍ഗീസ്
നീതി നിഷേധം: യാക്കോബായ സഭ ഡൽഹി ഭദ്രാസനം പ്രതിഷേധിച്ചു
10:21 PM Oct 01, 2019 | Deepika.com