ന്യൂഡൽഹി: നജഫ്ഗഡിലെ ചോറ്റാനിക്കരനടയിൽ ഭക്തസഹസ്രങ്ങൾക്കു പുണ്യം പകർന്ന് പൊങ്കാല മഹോത്സവം സമാപിച്ചു. ചോറ്റാനിക്കരയമ്മയുടെ പഞ്ചലോഹ പ്രതിഷ്ഠക്കു ശേഷമുള്ള ആദ്യത്തെ പൊങ്കാലയെന്ന പ്രത്യേകതയോടെ നടന്ന നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഇരുപതാമത് വലിയ പൊങ്കാല മഹോത്സവത്തിൽ ആയിരങ്ങൾ പൊങ്കാലയിട്ടു. ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശ്, ശശികുമാർ നന്പൂതിരി, വെങ്കിടേശ്വരൻ പോറ്റി തുടങ്ങിയവർ പരികർമ്മികളായിരുന്നു.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. ശ്രീകോവിലിലെ നെയ്വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകന്പടിയോടെ ക്ഷേത്രത്തിനു പുറകുവശത്തെ വയലിൽ പ്രത്യേകം തയാറാക്കി അലങ്കരിച്ച പണ്ടാര അടുപ്പിനരികിലേക്ക് ആനയിച്ച ശേഷം പ്രത്യേക പൂജകളോടെ പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ ഭക്തജനങ്ങൾ വയ്ക്കുരവയാൽ നജഫ് ഗഡിൽ വിരാജിക്കുന്ന ചോറ്റാനിക്കരയമ്മക്ക് സ്വാഗതമരുളി. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്നണഞ്ഞ ഭക്ത സഹസ്രങ്ങൾ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം ദീപനാളങ്ങൾ കൊളുത്തി. ദേവീമന്ത്ര ജപങ്ങൾ അലയടിച്ച ക്ഷേത്രാങ്കണം നിമിഷനേരം കൊണ്ട് പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളാൽ യജ്ഞശാലയായ് മാറിയപ്പോൾ ശരണാതീർത്ഥം ഓർക്കസ്ട്രാ ആലപിച്ച ഭക്തിഗാനങ്ങൾ ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കി. ഹസ്ത്സാൽ ബാലഗോകുലവും ഭജന അവതരിപ്പിച്ചു. ചെറുതാഴം കുഞ്ഞിരാമൻ മാരാരും സംഘവും ഉത്സവത്തിമിർപ്പിനു താളമേളങ്ങൾ പകർന്നു. തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ വ്രത ശുദ്ധിയുടെ വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ വന്നണഞ്ഞ സൗഭാഗ്യവുമായി കാണിക്കയർപ്പിച്ചു നിവേദ്യം അമ്മക്ക് സമർപ്പിച്ചുതൊഴുതു മടങ്ങി. ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയായിരുന്നു പൊങ്കാലദിവസത്തെ മറ്റു പ്രധാന ചടങ്ങുകൾ.
പൊങ്കാലയോടനുബന്ധിച്ചു ശ്രീ ഭഗവതി ക്ഷേത്ര പ്രസിഡന്റ് പി.ആർ. പ്രേമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാര സമ്മേളനത്തിൽ അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ കെ. രഘുനാഥ്, ദിൽഷാദ് കോളനി അയ്യപ്പ ക്ഷേത്രം പ്രസിഡന്റ് സുരേന്ദ്രൻ പിള്ള, ടി.ആർ.ജി. പിള്ള, രാധാകൃഷ്ണൻ വരേണിക്കൽ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി പി.എൻ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
മുൻ മന്ത്രിയും എംഎൽഎയുമായ സോംനാഥ് ഭാരതി, കൗണ്‍സിലർ സൂരജ് ഗഹ്ലോട്ട്, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി
ഭക്തസഹസ്രങ്ങൾക്ക് പുണ്യം പകർന്ന് നജഫ്ഗഡിലെ ചോറ്റാനിക്കരനടയിൽ പൊങ്കാല
10:35 PM Mar 25, 2019 | Deepika.com