ന്യൂഡൽഹി : ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല നടക്കുന്ന ഫെബ്രുവരി 20 ബുധനാഴ്ച നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു. രാവിലെ 5.30നു നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾക്ക് തുടക്കമിടും.
8.30നാണ് പൊങ്കാല. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരുന്പോൾ പൊങ്കാലക്ക് ആരംഭമാവും. അന്നേദിവസം പൊങ്കാല സമർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്കായി അന്നദാനവും ഒരുക്കുന്നുണ്ട്.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പ്രവാസികൾക്കു വേണ്ടിയാണ് അതേ ദിവസം തന്നെ ഡൽഹിയിലും പൊങ്കാല സമർപ്പണത്തിനു സൗകര്യമൊരുക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070), പ്രസിഡന്റ് പി.ആർ. പ്രേമചന്ദ്രൻ (9891302376) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
ആറ്റുകാൽ പൊങ്കാല സമർപ്പണത്തിനായി നജഫ്ഗഡ് ക്ഷേത്രമൊരുങ്ങുന്നു
06:35 PM Feb 15, 2019 | Deepika.com