ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ദേശീയതലത്തിൽ ഏർപ്പെടുത്തിയ കെ. പത്മനാഭൻ മെമ്മോറിയൽ ദേശീയ പുരസ്കാരം അഭിഭാഷകനും പ്രമുഖ വിവരാവകാശ പ്രവർത്തകനുമായ ഡി.ബി. ബിനുവിന്.
വിവരാവകാശ നിയമം ജനകീയമാക്കുന്നതിൽ നൽകിയ നിസ്തുലമായ സേവനങ്ങളെ ആസ്പദമാക്കിയാണ് അവാർഡ് നൽകുന്നതെന്ന് പുരസ്കാര നിർണയ സമിതി വ്യക്തമാക്കി. ഭരണസംവിധാനത്തിന്റെ ഉള്ളറകളിൽ പൂഴ്ത്തിവച്ച നിരവധി വിവരങ്ങൾ വിവരാവകാശ നിയമം ഉപയോഗിച്ച് പുറത്തുകൊണ്ടുവരുകയും അഴിമതിക്കെതിരെ ശക്തമായ ആയുധമാണ് വിവരാവകാശനിയമമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു എന്നതാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ആർടിഐ കേരള ഫെഡറേഷന്റെ പ്രസിഡന്റും ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറത്തിന്റെ ജനറൽ സെക്രട്ടറിയുമാണ് ബിനു.
കേരളത്തിലുടനീളവും മറ്റു സംസ്ഥാനങ്ങളിലും നിരവധി ബോധവത്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്ന ബിനു പോലീസ് ട്രെയിനിംഗ് കോളേജ്, ഐഎംജി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഫാക്കൽറ്റിയുമാണ്. പ്രവാസി ലീഗൽ സെല്ലിന്റെ ആദ്യ ജനറൽ സെക്രട്ടറിയും പ്രമുഖ വിവരാവകാശ പ്രവർത്തകനുമായ കെ. പത്മനാഭന്റെ സ്മരണാർത്ഥമായാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകൻ ഡോമിനിക് സൈമണിനാണ് കഴിഞ്ഞവർഷം ഈ അവാർഡ് നൽകിയത്.
ജനുവരി 27ന് 4ന് ഡൽഹി കോണ്സ്റ്റിട്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരവും പ്രശസ്തി പത്രവും നൽകുമെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഡോ. ബിൻസ് സെബാസ്റ്റ്യൻ അറിയിച്ചു.
സാമൂഹിക സാംസ്കാരിക രംഗത്തെ പലപ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രസിഡന്റായ അഡ്വ. ജോസ് എബ്രഹാം രചിച്ച് പൈഡീയ ബുക്സ് പ്രസിദ്ധീകരിക്കുന്ന Right to Information - Key to open Democracy എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പ്രവാസി ലീഗൽ സെല്ലിന്റെ ദേശീയ വിവരാവകാശ പുരസ്കാരം അഡ്വ. ഡി.ബി. ബിനുവിന്
10:03 PM Jan 18, 2019 | Deepika.com