ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിലെ ഉണ്ണി മിശിഹാ, വി. യൂദാശ്ലീഹാ, ജപമാല രാജ്ഞി എന്നിവരുടെ സംയുക്ത തിരുനാളിന് ഒരുക്കമായുള്ള കൊടിയേറ്റ് കർമ്മം ഫരീദാബാദ് രൂപത വികാരി ജനറാൾ മോണ്‍, ജോസ് വെട്ടിക്കൽ നിർവഹിച്ചു. തുടർന്ന് വി. കുർബാനയും വചനപ്രഘോഷണവും നൊവേനയും നടത്തപ്പെട്ടു. ഇടവക വികാരി വെരി. റവ. ഫാ. അബ്രഹാം ചെന്പോട്ടിക്കൽ, ഫാ. സെബാസ്റ്റ്യൻ മുല്ലമംഗലം എന്നിവർ സഹകാർമികത്വം വഹിച്ചു.
പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ ജപമാല രാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 27 ശനിയാഴ്ച വൈകുന്നേരം 6.30ന് ആഘോഷമായ ജപമാലയോടെ ആരംഭിക്കും. ഫരീദാബാദ് രൂപത ജൂഡീഷ്യൽ വികാറും ജസോള ഫാത്തിമാ മാതാ ഫൊറോന പള്ളി വികാരിയുമായ വെരി. റവ. ഫാ. മാർട്ടിൻ പാലമറ്റം വി. കുർബാനയ്ക്ക് പ്രധാന കാർമികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയും. ഇടവക വികാരി റവ. ഫാ. അബ്രഹാം ചന്പോട്ടിക്കൽ, ഫാ. സെബാസ്റ്റ്യൻ മുല്ലമംഗലം എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് പാച്ചോർ നേർച്ചയും ഉണ്ടായിരിക്കും.
പാല ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ ഉണ്ണി മിശിഹായുടെയും വി. യൂദാതദേവൂസിന്റെയും സംയുക്ത തിരുനാൾ ഒക്ടോബർ 28 ഞായറാഴ്ച രാവിലെ 9.30ന് ആരംഭിക്കും. ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് കളകമശേരി സോഷ്യൽ വെൽഫെയർ ഡയറക്ടർ റവ. ഫാ. ഷാജൻ പുത്തൻപുര മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി വെരി. റവ. ഫാ. അബ്രഹാം ചെന്പോട്ടിക്കൽ, ഫാ. സെബാസ്റ്റ്യൻ മുല്ലമംഗലം എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും നടക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ തിരുനാൾ കൊടിയേറ്റ്
06:56 PM Oct 27, 2018 | Deepika.com