ഒരുക്കങ്ങൾ പൂർണം: മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാലക്ക് നാളെ ഞായർ തെളിയും

10:32 PM Oct 25, 2018 | Deepika.com
ന്യൂ ഡൽഹി : മയൂർ വിഹാറിലുള്ള പൊങ്കാല പാർക്കിൽ വ്രത ശുദ്ധിയുടെ പുണ്യവുമായി ഭക്ത സഹസ്രങ്ങൾ ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിനൊരുങ്ങുകയാണ്. ഞായറാഴ്ചയാണ് ആ പുണ്യ ദിനം. പൊങ്കാലക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ശനിയാഴ്ച രാവിലെ 5:30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6:30-ന് ദീപാരാധന, 6:45 മുതല്‍ രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികള്‍.

രണ്ടാം ദിവസമായ ഞായറാാഴ്ച മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടർന്ന് ഭദ്ര ദീപ പ്രകാശനം. രാവിലെ ഒന്പതു മുതൽ ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് (കസാക്ട്) ഡൽഹി പ്രസിഡന്‍റ് പി. എൻ. ഷാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ചക്കുളത്തുകാവ് ക്ഷേത്ര അഡ്മിനിസ്ട്രേറ്ററും ക്ഷേത്ര കാര്യദർശിയുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. രമേശ് ഇളമൺ നമ്പൂതിരി, സാമൂഹ്യ പ്രവർത്തകയായ കവിതാ ബിഷ്‌ട്, ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡണ്ട് സി. കേശവൻ കുട്ടി, മയൂർ വിഹാർ ഫേസ്-3 എം.എൽ.എ. മനോജ് കുമാർ, കൗൺസിലർ ജുഗ്നു ചൗധരി, കസാക്ട് ഡൽഹി മുൻ പ്രസിഡന്‍റ് സി.എം. പിള്ള, സെക്രട്ടറി ഡി. ജയകുമാർ തുടങ്ങിയവർ സംസാരിക്കും.

9:30-ന് വിളിച്ചുചൊല്ലി പ്രാർത്ഥനക്കുശേഷം ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. ചക്കുളത്തമ്മയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് കൃഷ്ണപ്പരുന്ത്‌ ആകാശത്ത് വട്ടമിട്ടു പറക്കുമ്പോൾ ഭക്തസഹസ്രങ്ങൾ വായ്ക്കുരവയാൽ അമ്മക്ക് സ്വാഗതമോതും. തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീനാളങ്ങൾ പകരുമ്പോൾ മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളാൽ ക്ഷേത്രാങ്കണം ഉത്സവലഹരിയിലാക്കും. പൊങ്കാല അടുപ്പുകളിൽ നിന്നുമുയരുന്ന പുകപടലങ്ങൾ നിറയുന്ന അന്തരീക്ഷം മയൂർ വിഹാർ 3-ലെ നാദധാര അവതരിപ്പിക്കുന്ന ഗാനസുധയാൽ ഭക്തിസാന്ദ്രമാകുമ്പോൾ തിളച്ചു തൂവി പാകമായ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിക്കും. തുടർന്ന് ക്ഷേത്രനടയിൽ തൊഴുത് കാണിക്കയർപ്പിച്ചു നിവേദ്യം ചക്കുളത്തമ്മക്ക് സമർപ്പിക്കും. തുടർന്ന് വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്നപൂജ, അന്നദാനം എന്നിവ നടക്കും. രഞ്ജിത് നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ഇത്തവണയും പൂജാദികൾ നടക്കുക..

പൊങ്കാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം അന്നേ ദിവസം രാവിലെ മുതല്‍ പൊങ്കാല കൂപ്പണുകളും മറ്റു പൂജകളും ബുക്ക്‌ ചെയ്യുന്നതിനായി പ്രത്യേക കൌണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കുവാനായി ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടാതെ സമീപ പ്രദേശങ്ങളായ ഫരീദാബാദ്, ഇന്ദിരാപുരം, നോയിഡ, ഗുഡ് ഗാവ് എന്നിവിടങ്ങളിൽ നിന്നുമായി നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അവിടങ്ങളിൽ നിന്നെല്ലാം പൊങ്കാല സന്നിധിയായ മയൂർ വിഹാർ ഫേസ്-3 ലേക്ക് ഏരിയ സംഘാടകർ യാത്രാ സൌകര്യവും ഒരുക്കിയിട്ടുണ്ട്.

റിപ്പോര്ട്ട്: പി.എൻ. ഷാജി