നജഫ് ഗഡ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും

07:48 PM Oct 08, 2018 | Deepika.com
ന്യൂ ഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഒക്ടോബർ 10ന് (ബുധൻ) വിശേഷാൽ പൂജകളോടെ തുടക്കം കുറിക്കും. രാവിലെ 5:15-ന് നിർമാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. പ്രഭാത പൂജകൾക്കു ശേഷം രാവിലെ 8:30 മുതൽ 9:30 വരെ ദേവീ മാഹാത്മ്യ പാരായണവും വൈകുന്നേരം 6:30 ന് മഹാ ദീപാരാധനയ്ക്കു ശേഷം നാമജപാവലിയും ഭജനയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവും.

19 ന് (വെള്ളി) ആണ് വിദ്യാരംഭം.അന്നേ ദിവസം പ്രഭാത പൂജകൾക്കു ശേഷം രാവിലെ 8:30-ന് വിദ്യാരംഭത്തിന് തുടക്കമാവും. വിവിധ സ്ഥലങ്ങളിൽ നിന്നും ദേവീ സന്നിധിയിൽ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളുടെ നാവിൽ ക്ഷേത്ര മേൽ ശാന്തിയാവും സ്വർണാക്ഷരങ്ങൾ കുറിക്കുക. കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

വിദ്യാരംഭവും മറ്റു പൂജകളും ബുക്ക് ചെയ്യുന്നതിന് 9354984525 എന്ന ക്ഷേത്ര നമ്പരിലോ 9654425750 എന്ന ക്ഷേത്ര മാനേജർ ഉണ്ണിപ്പിള്ളയുടെ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്:പി.എൻ. ഷാജി