കോഴിക്കോട്: ലോകപ്രശസ്തരായ 1007 വ്യക്തിത്വങ്ങളെ 27 മീറ്റർ നീളമുള്ള ഒറ്റ പോർട്രെയ്റ്റ് കാൻവാസിലേക്ക് പകർത്തി ആർട്ടിസ്റ്റ് ദേവസ്യ ശ്രദ്ധേയമാവുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറേബ്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ 2018ലെ പുരസ്കാരവും കോഴിക്കോട് സ്വദേശിയായ ആർട്ടിസ്റ്റ് ദേവസ്യയെ തേടിയെത്തി.
ഭീമൻ പോർട്രെയ്റ്റ് ന്യൂഡൽഹിയിലെ കോണ്‍സ്റ്റിറ്റിയൂഷൻ ക്ലബ് ഓഫ് ഇന്ത്യ ഡപ്യൂട്ടി സ്പീക്കർ ഹാളിൽ പ്രദർശിപ്പിച്ചു. അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തകൻ ഡോ. കഫീൽ ഖാൻ ഉദ്ഘാടനം ചെയ്തു. ലോകത്തെ മാറ്റിമറിച്ച വിവിധ രാഷ്ട്രത്തലവൻമാർ സാഹിത്യകാരൻമാർ, സാമൂഹ്യപ്രവർത്തകർ എന്നിവർ പോർട്രെയിറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാരും കേരളത്തിലെ ഏതാനും പ്രമുഖരും കൂട്ടത്തിലുണ്ട്. ഏതാണ്ട് ഒരു വർഷത്തോളം കഠിനാധ്വാനം ചെയ്താണ് ഇത്രയും പേരുടെ പോർട്രെയ്റ്റുകൾ വരച്ചുതീർത്തതെന്ന് ആർട്ടിസ്റ്റ് ദേവസ്യ പറഞ്ഞു. ഗിന്നസ് ദിലീഫ് അധ്യക്ഷത വഹിച്ചു. യാസർ അറാഫത്ത്, നിയാസ് കണ്ണഞ്ചേരി, ഡോ. ഷിറാസ് പൂവച്ചാൽ, അജീഷ് അത്തോളി, ഒ.സി മുഹമ്മദ്, സാലിം ജീറോഡ് എന്നിവർ സംസാരിച്ചു.
ചരിത്രത്തിലിടംനേടി ആർട്ടിസ്റ്റ് ദേവസ്യയുടെ പോർട്രെയ്റ്റ് കാൻവാസ് ഡൽഹിയിൽ പ്രദർശിപ്പിച്ചു
10:09 PM Jul 25, 2018 | Deepika.com