ഡിഎംഎയുടെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 25ന് സിരി ഫോർട്ടിൽ

10:18 PM Jul 20, 2018 | Deepika.com
ന്യൂഡൽഹി : ഡിഎംഎയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 25ന് സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ അരങ്ങേറും. ആഘോഷത്തോടനുബന്ധിച്ചുള്ള പൂക്കളമത്സരം ഓഗസ്റ്റ് 19ന് (ഞായർ) രാവിലെ ഒന്പതു മുതൽ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കും.

ഒന്നാം സമ്മാനമായി 15,001/ രൂപയും അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ഡിഎംഎ ഫലകവും രണ്ടാം സമ്മാനമായി 10,001 രൂപയും ഡിഎംഎ ഫലകവും മൂന്നാം സമ്മാനമായി 7,501 രൂപയും ഡിഎംഎ ഫലകവും നൽകും. മൂന്നു ടീമുകൾക്ക് 2,000 രൂപാ വീതം പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പങ്കെടുക്കുന്ന സമ്മാനാർഹരല്ലാത്ത ടീമുകൾക്ക് 1,000 രൂപാ വീതവും നൽകുന്നതാണ്.

ഓണാഘോഷത്തോടനുബന്ധിച്ചു കലാ സാംസ്കാരിക പരിപാടികൾ ഓഗസ്റ്റ് 25 ന് (ശനി) വൈകുന്നേരം 5:30 മുതൽ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകൾ പങ്കെടുക്കും. ഡി.എം.എ.യുടെ ശാഖകൾ അവതരിപ്പിക്കുന്ന വർണശബളമായ വിവിധ കലാ ദൃശ്യങ്ങൾ പരിപാടിയിൽ അരങ്ങേറും.

പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ഉത്കൃഷ്ടതക്കുള്ള സലിൽ ശിവദാസ് മെമ്മോറിയൽ അവാർഡുകളും പൂക്കള മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഡിഎംഎ ഓണാഘോഷം 2018 ജനറൽ കണ്‍വീനർ സി. കേശവൻകുട്ടി പറഞ്ഞു.

വിവരങ്ങൾക്ക്: 26195511 .

റിപ്പോർട്ട്: പി.എൻ. ഷാജി