"ഐ ക്യാന്‍' കാണേണ്ടത് തന്നെ

04:20 PM Jan 03, 2023 | Deepika.com

എത്രവലിയ ധൈര്യശാലിയും ഒരു നിമിഷം പകച്ചുനിന്നുപോകുന്ന രോഗത്തിന്‍റെ പേരാണ് കാന്‍സര്‍. കാരണം അത്രയധികം ഭീകരമായിട്ടാണ് സമൂഹം ഈ രോഗത്തെ ചിത്രീകരിച്ചിരിക്കുന്നത്.

എത്രമാത്രം അവബോധം നല്‍കാന്‍ ശ്രമിച്ചാലും ചില സംശയങ്ങളും ചില വിശ്വാസങ്ങളും സമൂഹത്തില്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നുവെന്നതാണ് ഈ രോഗത്തെ ഇത്രമാത്രം ഭയപ്പെടാനുള്ള കാര്യം.

കാന്‍സറിനെക്കുറിച്ച് നിരവധി ഷോര്‍ട്ട്ഫിലിം, ഡോക്യൂമെന്‍ററി, സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും എട്ടുമിനിറ്റുകൊണ്ട് രോഗത്തെക്കുറിച്ച് സമൂഹത്തിലുള്ള മിഥ്യധാരണകള്‍ പൊളിച്ചെഴുതുകയാണ് 'ഐ ക്യാന്‍' എന്ന ചെറുസിനിമ.

കാന്‍സറിനെ എങ്ങനെ നേരിടാം, ചികിത്സാ കാലഘട്ടം, തുടര്‍ചികിത്സാ, രോഗം മാറിയ ശേഷമുള്ള ജീവിതം തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം കാന്‍സര്‍ രോഗിക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ല, ജോലിക്ക് പോകുവാനാകില്ല, കുട്ടികളുണ്ടാകില്ല, ആഘോഷങ്ങളില്‍ പങ്കെടുക്കാനാകില്ല തുടങ്ങിയ സമൂഹം വിശ്വസിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിരൽ ചൂണ്ടുകയാണ് 'ഐ ക്യാന്‍'.

കാന്‍സര്‍ നമ്മളെയല്ല, നമ്മള്‍ കാന്‍സറിനെയാണ് കീഴ്പ്പെടുത്തേണ്ടതെന്നാണ് ഈ ചെറുസിനിമ പറഞ്ഞുവെക്കുന്നത്. ആശങ്കയോടെ കണ്ടുതുടങ്ങുന്ന പ്രേക്ഷകന്‍ ആശ്വാസത്തോടെ കണ്ടിറങ്ങുന്ന ഐ ക്യാനിന് പിന്നില്‍ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. ജെന്നി ജോസഫാണ്. കാരിത്താസിലെ തന്നെ ഒരുകൂട്ടം ഡോക്ടര്‍മാരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നതും.