ത്രില്ലർ സ്വഭാവത്തിലൊരുങ്ങിയ പുതിയ ഹ്രസ്വചിത്രം ത്സാർ ശ്രദ്ധ നേടുന്നു. സംഭാഷണങ്ങളില്ലെന്നതാണ് ആറര മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രത്യേകത.
ഒരാളുടെ അന്വേഷണങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ടെത്തലുകളിലൂടെയും അനുഭവിച്ചറിഞ്ഞതുമായ കഥാപാത്രത്തിന്റെ ലോകത്തിലേക്ക് വന്ന വ്യക്തികളുടെയും അവരുടെ സ്വഭാവങ്ങളുടെയും പ്രത്യേകതകളാണ് കഥയെ നയിക്കുന്നത്.
പതിവുശൈലിയിൽ നിന്ന് വ്യത്യസ്തമായി, സംഭാഷണങ്ങളില്ലാതെ പശ്ചാത്തലസംഗീതം, അവതരണം, ലോക്കേഷൻ തുടങ്ങിയവയിലുടെ കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന വിവിധ മാറ്റങ്ങൾ ഭയത്തിലൂടെ അവതരിപ്പിക്കുകയാണ് ത്സാർ.
പ്രശാന്ത് ആർ പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് സെബി ജോസ് ആണ്. രതിഷ് വി. രവി ഛായാഗ്രഹണവും ജയരാജ് ചിത്രസംയോജനവും നിർവഹിക്കുന്നു. സെബി ജോസ്, അഭിലാഷ് വി.ആർ, രഞ്ജിത് രാജ്, പ്രശാന്ത് പി.ആർ. എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഫ്രെൻസി ഫോക്സ്, ആർആർ കോഹ്റാൽ എന്നിവയുടെ സഹകരണത്തോടെ രഞ്ജിത് രാജ്, സെബി ജോസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ്വിൽ എൻറർടെയ്ൻമെന്റ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ റിലീസായ "ത്സാർ" ഇപ്പോൾ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്.
സംഭാഷണങ്ങളില്ലാതെ ഒരു ത്രില്ലർ; ഉദ്വേഗം നിറച്ച് ത്സാർ
04:11 PM Oct 02, 2021 | Deepika.com