സിനിമയില്‍ വന്ന മാപ്പിളപാട്ടുകള്‍ എന്നും പ്രേക്ഷകര്‍ ഏറ്റുപാടിയ ചരിത്രം മാത്രമേ ഉള്ളൂ.ആ കൂട്ടത്തിലേക്ക് ഒരു മനോഹരഗാനം കൂടി. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മിച്ചു ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന ചെക്കന് എന്ന സിനിമയിലെ ഗാനമാണ് പഴയകാലത്തെ പെട്ടി പാട്ടുകളില്‍ കേട്ടു മറന്ന മലര് കൊടിയേ ഞാന്‍ എന്നും പുഴയരികില്‍ പോയെന്നും... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്ക്കാരമായി പുറത്തിറങ്ങിയത്.
പ്രശസ്ത സിനിമാതാരം അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഷെയര്‍ ചെയ്ത ഗാനം മില്ലേനിയം ഓഡിയോസാണ് പ്രേക്ഷകരില്‍ എത്തിച്ചത്.
ഒ.വി. അബ്ദുള്ളയുടെ വരികള്‍ക്ക് പുതിയ ശബ്ദം നല്കി സിനിമയില്‍ ആലപിച്ചിരിക്കുന്നത് നിരവധി നാടന്‍ പാട്ടുകളിലൂടെ തന്റെ വ്യത്യസ്ത ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മണികണ്ഠന് പെരുമ്പടപ്പാണ്. ഓര്ക്കസ്ട്രേഷന് ഒരുക്കിയത് സിബു സുകുമാരന്‍.
അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തില്‍ നായകന് ചെക്കനായി വേഷമിടുന്നത് നിരവധി സിനിമകളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ്. നായികയായി ആതിരയും, ഷിഫാനയും എത്തുന്നു. നഞ്ചിയമ്മ, വിനോദ് കോവൂര്‍, അബു സലിം, തസ്നി ഖാന്, അലി അരങ്ങാടത്ത് തുടങ്ങിയ താരങ്ങള്‍ക്കു പുറമേ ഒട്ടേറെ നാടക, ടിക്ടോക് താരങ്ങളും ഒപ്പം ഏറെ പുതുമുഖങ്ങളും ചിത്രത്തിലൂടെ കഥാപാത്രങ്ങളായി വരുന്നുണ്ട്.
തരംഗമായി ചെക്കന് സിനിമയിലെ മലര്‍ക്കൊടിപ്പാട്ട്
05:32 PM Jul 29, 2021 | Deepika.com