വൈദ്യശാസ്ത്ര രംഗത്തെ പുഴുക്കുത്തുകൾ തുറന്നുകാട്ടുന്ന ഹ്രസ്വചിത്രം യുട്യൂബിൽ ഹിറ്റ്. നാട്ടിൻപുറത്തെ സൗഹൃദ കൂട്ടായ്മയിൽ വൈഎംസിഎ പുളിയനം-വട്ടപ്പറന്പ് യൂണിറ്റിലെ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും ചേർന്ന് ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം ഒരുക്കിയത്. പലർക്കും നേരിട്ടും പറഞ്ഞുകേട്ടും ഉള്ള അനുഭവങ്ങളിൽനിന്ന് വൈദ്യശാസ്ത്രം ഗൗളിശാസ്ത്രം എന്ന ചെറുസിനിമ ഒരുങ്ങി.
സൂപ്പർ സ്റ്റാർ ക്രിയേഷന്റെ ബാനറിൽ ഗിരീഷ് കൂഴുർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംസാരമധ്യേ ഗൗളി ചിലച്ചാൽ അത് സത്യമാണ് എന്ന് പഴമക്കാർ പറയാറുണ്ട്. ഇപ്പോഴത്തെ ധനമോഹികളായ ചില ഡോക്ടർമാരുടെ നിരീക്ഷണങ്ങൾ കേവലം ഗൗളിശാസ്ത്രമായി മാറുന്പോൾ അതു ആധുനികവൈദ്യശാസ്ത്രത്തിന് മൊത്തം അപമാനമായി മാറുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഈ ചിത്രത്തിലൂടെ.
11 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സുമൻ ഭാരതിയാണ്. ധനുഷ് നാരായണൻ, ജിജോ മാള, ഡേവിസ് അങ്കമാലി, വിജേഷ് പുളിയനം തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.
വിനോജ് കാച്ചപ്പിള്ളി, ഡേവിസ് അങ്കമാലി, സജി സെബാസ്റ്റ്യൻ, ജോബി നെല്ലിശ്ശേരി, സജീവ് ത്രീസ്റ്റാർ, നൈജോ അബ്രാഹം, അഭി ഡാലിയ, ജെയിംസ് വട്ടപ്പറന്പ്, അനീഷ് വർഗീസ്, ഷാജു പി. പി, ജോർജ് മള്ളുശ്ശേരി, പോളി. എം.വി, മാർട്ടിൻ. സി.ഒ, ഷിബു കിംഗ് ഓഫ് കിംഗ്, ആഷിഖ്, ജൂലി സജീവ് എന്നിവർ അഭിനയിക്കുന്നു. ചിത്രം യുട്യൂബിൽ മികച്ച പ്രതികരണമാണ് നേടുന്നത്.
വൈദ്യശാസ്ത്രം ഗൗളിശാസ്ത്രം: ഹ്രസ്വചിത്രം യുട്യൂബിൽ ഹിറ്റ്
02:07 PM Nov 11, 2020 | Deepika.com