ക്യാപ്റ്റൻ എന്ന ചിത്രത്തിനു ശേഷം പ്രജേഷ് സെൻ- ജയസൂര്യ കൂട്ടുകെട്ടിൽ ഒരുക്കുന്ന വെള്ളം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. "പുലരിയിൽ അച്ഛന്റെ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാഴ്ചപരിമിതിയുള്ള അനന്യ എന്ന അഞ്ചാം ക്ലാസുകാരിയാണ്. നിതീഷ് നടേരിയുടെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു.
കുറച്ച് നാൾ മുൻപ് കണ്ണൂർ ധർമശാല അന്ധവിദ്യാലയത്തിൽ കൂട്ടുകാർക്കിടയിലിരുന്ന് അനന്യ പാടിയ പാട്ട് ആസ്വാദകരെല്ലാം ഏറ്റെടുത്തിരുന്നു. ഇത് സിനിമയിലേക്കും അനന്യക്ക് വഴി തുറക്കുകയായിരുന്നു. യൂട്യൂബിലൂടെ പുറത്തുവിട്ട ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു.
ചിത്രത്തിൽ ജയസൂര്യയെ കൂടാതെ സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ ഒരാളുടെ യഥാർഥ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണത്തിനെത്തിക്കുന്നത്.
"പുലരിയിൽ അച്ഛന്റെ...' - അകക്കണ്ണിന്റെ വെളിച്ചത്തിൽ അനന്യക്കുട്ടി പാടി; "വെള്ള'ത്തിലെ ആദ്യഗാനം
10:59 AM Jun 22, 2020 | Deepika.com