+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരവും മലയും മാത്രമല്ല, നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്: ശ്രീ ശ്രീ രവിശങ്കർ

ന്യൂഡൽഹി: മാലിന്യ മുക്തമായ പരിസ്ഥിതി സൃഷ്ടിക്കാൻ നിഷേധാത്മകത ഇല്ലാത്ത മാനസികാവസ്ഥ പ്രധാനമാണെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. ലോക പരിസ്ഥിതി ദിനത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയ
മരവും മലയും മാത്രമല്ല, നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്: ശ്രീ ശ്രീ രവിശങ്കർ
ന്യൂഡൽഹി: മാലിന്യ മുക്തമായ പരിസ്ഥിതി സൃഷ്ടിക്കാൻ നിഷേധാത്മകത ഇല്ലാത്ത മാനസികാവസ്ഥ പ്രധാനമാണെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. ലോക പരിസ്ഥിതി ദിനത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെടികളും മരങ്ങളും പർവതങ്ങളും മാത്രമല്ല നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും പരിസ്ഥിതിയെയും ചുറ്റുമുള്ളവരെയും ബാധിക്കുന്നുണ്ട്. പരസ്പരം കരുതൽ ഉണ്ടാക്കുന്നതും എല്ലാവരും സന്തോഷിക്കുന്നുവെന്ന് ഉറപ്പിക്കുന്നതും പരിസ്ഥതിയോടുള്ള കരുതലിന്‍റെ ഒഴിച്ചുകൂടാത്ത ഘടകമാണ്. പിരിമുറുക്കമോ അസന്തുഷ്ടിയോ ഉണ്ടാകുന്പോൾ പരിസ്ഥിതിയെ മലിനപ്പെടുത്തുകയാണ് ചെയ്യുന്നത്. കോപമുള്ളതോ നിഷേധ ചിന്തകളോ ഉള്ള ആളുകളുടെയടുത്ത് കുറച്ചുനേരം ചെലവഴിച്ചാൽ അതേ ചിന്തകൾ നമ്മളിലും ഉണ്ടാകും. സന്തോഷമുള്ളവരുടെ അടുത്താകുന്പോൾ ആനന്ദമായിരിക്കും നമുക്ക് ലഭിക്കുക. ശാരീരികമായി മാത്രമല്ല, മാനസികമായും വൈകാരികമായും നമ്മൾ പരിസ്ഥിതി മലിനപ്പെടുത്തുന്നു. കോപം, അത്യാർത്തി, അസൂയ തുടങ്ങിയ നിഷേധവികാരങ്ങളാണ് ഇന്ന് അന്തരീക്ഷ മലിനീകരണത്തിന്‍റെ കാരണക്കാർ. ലളിതങ്ങളായ വഴികളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാം കുറെക്കൂടി നന്നായി പിരിമുറുക്കത്തെയും നിരാശയെയും കൈകാര്യം ചെയ്യുക. കോപം വരരുത് എന്നല്ല പറയുന്നത്. കോപം വരുന്പോഴെല്ലാം അധികനേരം നിൽക്കരുത്. അങ്ങനെയാണെങ്കിൽ അത് മലിനീകരണമല്ല. എന്നാൽ കോപം മനസിൽ കുറെ നേരം നിലനിന്നാൽ അത് മലിനീകരണമാണ്.

വൈകാരികമായ ചവറുകൾ പുറത്തേക്ക് കളയുക. നിങ്ങൾ മനസിൽ വച്ചുകൊണ്ട് നടക്കുന്ന അവിശ്വാസം, വെറുപ്പ്, പരാതികൾ തുടങ്ങിയ വികാരങ്ങളെ നൈപുണ്യത്തോടെ കൈകാര്യം ചെയ്ത് ഉത്സാഹത്തോടെയും സ്വാഭാവികതയോടെയും പുതിയൊരധ്യായം തുടങ്ങുക. ധ്യാനത്തെ ജീവിതത്തിന്‍റെ ഭാഗമാക്കുക. സ്പന്ദനങ്ങളെ ശുദ്ധീകരിക്കാൻ ഏറ്റവും നല്ല മാർക്ഷമാണ് ധ്യാനം. ധ്യാനം നിഷേധ സ്പന്ദനങ്ങളെ ശുഭകരങ്ങളാക്കുന്നു. അത് വെറുപ്പിനെ സ്നേഹമായും നിരാശയെ ആത്മവിശ്വാസമായും അജ്ഞതയെ അന്തർജ്ഞാനമായും മാറ്റുന്നു. കൂടുതൽ ആത്മവിശ്വാസമുള്ളവരായി ഏറ്റവും നല്ലത് മാത്രമേ സംഭവിക്കൂ എന്ന് വിശ്വസിക്കുക. എന്തെങ്കിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുക. നൃത്തം, സംഗീതം മുതലായ കലകളിൽ മുഴുകുക. വെറുതെയിരുന്ന് കണ്ടാൽ പോരാ പങ്കെടുക്കണം. സേവനം ചെയ്യുക. സഹായം ആവശ്യമുള്ളവരെ സഹായിക്കുക. എനിക്കെന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നത് നിർത്തി എനിക്കെങ്ങനെ സഹായിക്കാൻ കഴിയും എന്ന് ആലോചിക്കുക- ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

കേന്ദ്ര മന്ത്രിമാരായ ഹർഷവർധൻ, മഹേഷ് ശർമ്മ, യുഎൻഇപി ചീഫ് എറിക് സോഹെയിം എന്നിവർക്കു പുറമെ എണ്‍പത് രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.