+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീതിയൊഴിഞ്ഞ് സലാല, മെകുനു സൗദി തീരത്തേയ്ക്ക്

മസ്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റിന്‍റെ ഭീതിയിൽ നിന്ന് സലാല വിമുക്തമായി. വെള്ളിയാഴ്ച അർധരാത്രി കനത്ത ആൾനാശമുൾപ്പെടെ ഉണ്ടാക്കുമെന്ന് ഭയപ്പെട്ടിരുന്ന മെകുനു ശക്തി കുറഞ്ഞ് സൗദി അറേ
ഭീതിയൊഴിഞ്ഞ് സലാല, മെകുനു സൗദി തീരത്തേയ്ക്ക്
മസ്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റിന്‍റെ ഭീതിയിൽ നിന്ന് സലാല വിമുക്തമായി. വെള്ളിയാഴ്ച അർധരാത്രി കനത്ത ആൾനാശമുൾപ്പെടെ ഉണ്ടാക്കുമെന്ന് ഭയപ്പെട്ടിരുന്ന മെകുനു ശക്തി കുറഞ്ഞ് സൗദി അറേബ്യൻ തീരത്തേക്ക് കടന്നുപോയി.

എന്നാൽ ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ അടുത്ത പന്ത്രണ്ടു മണിക്കൂറിൽ കനത്ത മഴയ്ക്കും തീവ്രത കുറഞ്ഞ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു.

ചുഴലിക്കാറ്റിലും കനത്ത മഴയിലും ഇതുവരെ മൂന്നു പേരാണ് മരിച്ചത്. ഒരാൾ ഏഷ്യൻ വംശജനും മറ്റു രണ്ടുപേർ സ്വദേശികളുമാണ്. റോയൽ ഒമാൻ പോലീസിലെ പബ്ലിക് റിലേഷൻ വകുപ്പിലെ ക്യാപ്റ്റൻ താരിഖ് അൽ ഷൻഫാരി മരണം സ്ഥിരീകരിച്ചു.

റോഡുകൾക്കു പുറമെ നൂറു കണക്കിന് വാഹനങ്ങൾക്കും കൃഷിയിടങ്ങൾക്കും ആടുമാടുകൾക്കും കനത്ത നാശമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്. രക്ഷാ പ്രവർത്തകർ സലാല സെൻട്രൽ മാർക്കറ്റിന് സമീപം സ്വദേശി കുടുംബത്തിലെ ആറ് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിർബാത്തിൽ വെള്ളത്തിൽ കുടുങ്ങിക്കിടന്ന 16 ഏഷ്യൻ വംശജരെ രക്ഷപ്പെടുത്തി. മറ്റൊരു സ്ഥലത്ത് നിന്നും ടുണീഷ്യൻ കുടുംബത്തിലെ ആറ് പേരെയും സൈനിക വിഭാഗം രക്ഷപ്പെടുത്തി. താഖയിൽ നിന്നാണ് മറ്റു രണ്ട് പേരെ രക്ഷപ്പെടുത്തിയത്.

സിവിൽ ഡിഫൻസിന്‍റെയും റോയൽ ഒമാൻ പോലീസിന്‍റെയും വിവിധ ഷെൽട്ടറുകളാണ് വെള്ളിയാഴ്ച തുറന്നത്. കൂടുതൽ പേരെ ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വ്യാഴാഴ്ച രാത്രി തന്നെ നിരവധി പേരെ മാറ്റിയിരുന്നു. വെള്ളിയാഴ്ച പകൽ വെള്ളം കയറിയതും തകർന്നതുമായ വീടുകളിൽ കഴിഞ്ഞവരെയും മാറ്റി താമസിപ്പിച്ചു. ഇവർക്കു വേണ്ട ആവശ്യ സാധനങ്ങൾ പോലീസ് എത്തി വിതരണം ചെയ്തു. ആയിരക്കണക്കിന് പേരെ ഷെൽട്ടറുകളിലേക്ക് മാറ്റി.

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായിദിന്‍റെ നിർദേശ പ്രകാരം സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സേനകളും മെകുനുവിനെ നേരിടാൻ വലിയ മുന്നൊരുക്കമാണ് നടത്തിയത്. അധികൃതരുടെ ജാഗ്രത 50,000 വരുന്ന മേഖലയിൽ താമസിക്കുന്ന മലയാളി സമൂഹമുൾപ്പെടെ നന്ദിയോടെയാണ് സ്മരിക്കുന്നത്. വെള്ളിയാഴ്ച ആളുകൾ വീട്ടിൽ തന്നെ ഭീതിയിൽ കഴിയുന്ന അവസ്ഥയായിരുന്നു. പുറത്തിറങ്ങരുതെന്ന് അധികൃതരുടെ കർശനമായ നിർദേശമുണ്ടായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള വാസലാത് ബസ് കന്പനി സലാലക്കുള്ള സർവീസുകൾ നിർത്തി വച്ചിരുന്നു.

രണ്ടു ദിവസമായി അടച്ചിട്ടിരുന്ന സലാലാ വിമാനത്താവളം വെള്ളിയാഴ്ച രാത്രിയോടെ തുറന്നു. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുൾപ്പെടെ പോകുന്ന വിമാനങ്ങൾ ഒമാന്‍റെ വ്യോമയാന മേഖലയാണ് ഉപയോഗിക്കുന്നത്.പ്രതികൂല കാലാവസ്ഥ മൂലം സർവീസുകൾ ഗതിമാറ്റിവിടുകയാണ്.

ഇതിനിടയിൽ മെകുനു ചുഴലിക്കാറ്റിന്‍റെ കെടുതികളുടെ തെറ്റായ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്ന് റോയൽ ഒമാൻ പോലീസ് പത്രകുറിപ്പിൽ അറിയിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 3,000 ഒമാനി റിയാൽ പിഴയും (5.25 ലക്ഷം രൂപ) മൂന്നുവർഷം തടവും ശിക്ഷ ലഭിക്കും.

ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കുന്ന തരത്തിൽ വ്യാപകമായി സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. മറ്റു രാജ്യങ്ങളിൽ മുന്പുണ്ടായ കൊടുങ്കാറ്റിന്‍റെ ചിത്രങ്ങളും വീഡിയോകളും വരെയാണ് സലാലയിലേതെന്ന പേരിൽ പ്രചരിപ്പിച്ചത്.

ദൽക്കൂത്തിലാണ് കൂടുതൽ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റർ. സദാഹ് (76.4 മില്ലിമീറ്റർ), മിർബാത്ത് (55.6 മില്ലിമീറ്റർ), സലാല തുറമുഖം (47.8) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ പെയ്ത മഴയുടെ അളവ്.

റിപ്പോർട്ട്: സേവ്യർ കാവാലം