ഐറിഷ് അബോർഷൻ നിയമം: ഹിതപരിശോധനയിൽ 69 ശതമാനം പേർ അനുകൂലിച്ചു

09:18 PM May 26, 2018 | Deepika.com
ഡബ്ലിൻ: അയർലൻഡിൽ ഗർഭഛിദ്ര നിരോധന നിയമത്തിൽ വ്യവസ്ഥകൾ ഇളവ് ചെയ്യാൻ ഉദ്ദേശിച്ചു നടത്തിയ ജനഹിത പരിശോധനയിൽ വോട്ടെടുപ്പ് പൂർത്തിയായി. ഹിതപരിശോധന എന്ന നിശബ്ദ വിപ്ളവത്തിലൂടെ നിയമം മാറ്റിയെഴുതാൻ വിധിയായിരിക്കുകയാണെന്ന് ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരേദ്ക്കർ അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് ഹിതകരമായ മാറ്റം വരുത്തി പുതിയൊരു രാജ്യം സൃഷ്ടിക്കുകയാണ് തന്‍റെ ലക്ഷ്യമന്നെും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിരോധനത്തിനു തുല്യമായ നിയന്ത്രണങ്ങളാണ് രാജ്യത്തിപ്പോൾ നിലനിൽക്കുന്നത്. ഇതിന് അടിസ്ഥാനമായ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കുക എന്നതായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. 1983 ലെ നിയമത്തിൽ എട്ടാം ഭേദഗതിയിൽ മാറ്റം വരുത്തി പാർലമെന്‍റ് പാസാക്കുന്നതോടെ നിയമം മാറ്റപ്പെടും.

സർക്കാരിന്‍റെ നിലപാടിനോട് ഭൂരിപക്ഷം വോട്ടർമാരും യോജിക്കുന്നു എന്നാണ് ഇതു സംബന്ധിച്ചു നടത്തിയ രണ്ട് എക്സിറ്റ് പോൾ ഫലങ്ങളിലും വ്യക്തമായിട്ടുള്ളത്. എഴുപതു ശതമാനത്തിന് അടുത്ത ആളുകൾ യെസ് വോട്ട് ചെയ്യുമെന്നാണ് എക്സിറ്റ് പോൾ പ്രവചിച്ചത്.

നിലവിലെ നിയമത്തിന്‍റെ പിടിയിൽ ഒരു ഇന്ത്യൻ നഴ്സിന്‍റെ ജീവൻ പൊലിഞ്ഞതും ഇത്തരം ഹിതപരിശോധനക്ക് കാരണമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ