+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇ തുറക്കുന്നത് നിക്ഷേപ വാണിജ്യ മേഖലകളിലെ വന്പൻ സാധ്യതകൾ : എം.എ. യൂസഫലി

ദുബായ്: വിദേശ നിക്ഷേപകർക്കു യുഎഇ സംരംഭങ്ങളിൽ നൂറുശതമാനം ഉടമസ്ഥാവകാശവും ഡോക്ടർമാർ, എൻജിനിയർമാർ, ശാസ്ത്രജ്ഞർമാർ എന്നിവരുൾപ്പടെയുള്ള പ്രഫഷനുകൾക്കു പത്തുവർഷം വീസ നൽകാനുമുള്ള യുഎഇ യുടെ തീരുമാനത്തിലൂടെ
യുഎഇ തുറക്കുന്നത് നിക്ഷേപ വാണിജ്യ മേഖലകളിലെ  വന്പൻ സാധ്യതകൾ : എം.എ. യൂസഫലി
ദുബായ്: വിദേശ നിക്ഷേപകർക്കു യുഎഇ സംരംഭങ്ങളിൽ നൂറുശതമാനം ഉടമസ്ഥാവകാശവും ഡോക്ടർമാർ, എൻജിനിയർമാർ, ശാസ്ത്രജ്ഞർമാർ എന്നിവരുൾപ്പടെയുള്ള പ്രഫഷനുകൾക്കു പത്തുവർഷം വീസ നൽകാനുമുള്ള യുഎഇ യുടെ തീരുമാനത്തിലൂടെ നിക്ഷേപരംഗത്തും വ്യവസായ വാണിജ്യ രംഗങ്ങളിലും മികച്ച സാധ്യതകളാണ് യുഎഇ തുറന്നിടുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി. ദുബായിൽ സംഘടിപ്പിച്ച റംസാൻ മീഡിയ മജ്ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ ഗുണപ്രദമായ തീരുമാനമാണിത്. രാജ്യത്ത് ഏറെ വിദേശ നിക്ഷേപങ്ങൾക്ക് സാഹചര്യമൊരുങ്ങും. ഇതോടെ തൊഴിലവസരങ്ങൾ വർധിക്കും. വിദ്യാർഥികൾക്ക് ദീർഘകാല വീസ നൽകുന്നതോടെ വിദ്യാഭ്യാസ മേഖലയിലും വന്പിച്ച മാറ്റങ്ങൾ ദൃശ്യമാകും .കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ യുഎ ഇ യിൽ സ്ഥാപിക്കപ്പെടും. ഇവിടെയും തൊഴിൽ സാധ്യതകൾ വർധിക്കും. ദീർഘദൃഷ്ടിയുള്ള വിശാലകാഴ്ചപ്പാടുള്ള ഭരണാധികാരികളുടെ രാജ്യമാണ് യുഎഇ എന്ന് പുതിയ തീരുമാനങ്ങൾ വെളിപ്പെടുത്തുന്നു - യൂസഫലി പറഞ്ഞു.

2018 അവസാനത്തോടെ നടപ്പാക്കുന്ന പുതിയ പരിഷ്കാരം സംബന്ധിച്ച നടപടികൾക്ക് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകി. നിക്ഷേപകർക്കും കുടുംബത്തിനും പത്തു വർഷ വീസയാണ് നൽകുന്നത്.

കഴിഞ്ഞ റംസാനിൽ 135 സൂപ്പർമാർക്കറ്റുണ്ടായിരുന്ന ലുലു ഗ്രൂപ്പിന് ഈ റംസാനിൽ അത് 145 ആയി. അടുത്ത റംസാനിൽ പത്തെണ്ണംകൂടി ഉണ്ടാകും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിക്ഷേപം വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്.

വൻകിട നിക്ഷേപകർക്കു കേരളത്തിൽ നിക്ഷേപിക്കാനുള്ള വിമുഖത ഇനിയും പൂർണമായും മാറിയിട്ടില്ലെന്ന് എം.എ. യൂസഫലി പറഞ്ഞു. നോക്കുകൂലിക്കെതിരെയുള്ള നടപടി ഉൾപ്പെടെ കാലോചിതമായ മാറ്റങ്ങൾക്കു സർക്കാർ ശ്രമിക്കുന്നത് പ്രതീക്ഷ ഉയർത്തുന്നു

കൊച്ചിയിലെ ലുലു ഷോപ്പിംഗ് മാൾ പ്രതീക്ഷകൾ കവച്ചു വയ്ക്കുന്ന വിജയമാണ് നൽകിയത് . തിരുവന്തപുരത്ത് നിർമാണം ആരംഭിച്ചിരിക്കുന്ന ഷോപ്പിംഗ് മാൾ സമുച്ചയ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും

എറണാകുളം ബോൾഗാട്ടി കണ്‍വൻഷൻ സെന്‍റർ ഹോട്ടൽ രംഗത്തേക്ക് പുതിയ അന്തരാഷ്ട്ര സംരംഭകരെ കൊണ്ടുവരിക കൂടി ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് - യൂസഫ് അലി പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള