പോളിഷ് എഴുത്തുകാരി ഓൾഗക്ക് ബുക്കർ പുരസ്കാരം

11:50 PM May 24, 2018 | Deepika.com
ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരത്തിന് പോളിഷ് സാഹിത്യകാരി ഓൾഗ ടോക്കർചുക്ക് അർഹയായി. ഫ്ളൈറ്റ്സ് എന്ന നോവലാണ് ഓൾഗയെ പുരസ്കാരത്തിന് അർഹയാക്കിയത്. മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യത്തെ പോളിഷ് സാഹിത്യകാരി കൂടിയാണ് ഓൾഗ.

നൂറിലധികം നോവലുകളാണ് ഈ വർഷത്തെ മാൻ ബുക്കറിനായി പരിഗണിച്ചത്. ഫിക്ഷൻ നോവലായ ഫ്ളൈറ്റ്സിനെ എക്സ്ട്രാ ഓർഡിനറി ഫ്ളൈറ്റ്സ് എന്ന വിശേഷണം നൽകിയാണ് ജൂറി തെരഞ്ഞെടുത്തത്. 67,000 ഡോളറാണ് സമ്മാനത്തുക പുസ്തകത്തിന്‍റെ പരിഭാഷക ജെന്നിഫർ ക്രോഫ്റ്റുമായി ഓൾഗ പങ്കിട്ടു.

1990-കളിൽ സാഹിത്യരംഗത്തെത്തിയ ടോക്കർചുക്കിന് ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പോളണ്ടിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിയാണ് ഓൾഗ. എട്ടു നോവലും രണ്ടു ചെറുകഥ സമാഹാരവും രചിച്ചിട്ടുണ്ട്. പ്രൈമിവെൽ ആൻഡ് അദെർ ടൈംസ്, ദ ബുക്ക്സ് ഒഫ് ജേക്കബ്, റണ്ണേഴ്സ്, ഹൗസ് ഒഫ് ഡേ ഹൗസ് ഒഫ് നൈറ്റ് എന്നിവ ് ഇവരുടെ പ്രശസ്തമായ രചനകളാണ്.

നിരവധി ഭാഷകളിലേക്ക് ടോക്കർചുക്കിന്‍റെ സൃഷ്ടികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2005-ലാണ് മാൻ ബുക്കർ അന്താരാഷ്ട്ര സമ്മാനം ഏർപ്പെടുത്തിയത്. ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയതും ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചതുമായ കൃതിക്കാണ് പുരസ്കാരം നൽകുന്നത്. സൽമാൻ റുഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായി, അരവിന്ദ് അഡിഗ എന്നിവരാണ് ഇന്ത്യയിൽ നിന്ന് ഇതുവരെ മാൻ ബുക്കർ പുരസ്കാരം നേടിയിട്ടുള്ളവർ.

ഇറാഖി എഴുത്തുകാരനായ അഹമ്മദ് സദ്ദാവിയുടെ ഹൊറർ കഥയായ ഫ്രാൻക്ൻസ്റ്റീൻ ഇൻ ബാഗ്ദാദ്, സൗത്ത് കൊറിയൻ എഴുത്തുകാരനായ ഹാൻ കാങ്ങിന്‍റെ ദി വൈറ്റ് ബുക്ക എന്നിവരുൾപ്പടെ അഞ്ചു പേരാണ് പുരസ്കാരനിർണയത്തിൽ അവസാനഘട്ടത്തിലുണ്ടായിരുന്നത്. ഇവരെ പിന്നിലാക്കിയാണ് ഫ്ലൈറ്റ്സിലൂടെ ഓൾഗ ബുക്കർ സമ്മാനം സ്വന്തമാക്കിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ