മെഗാൻ മാർക്കലിനെ വംശീയമായി അധിക്ഷേപിച്ച ജർമൻ കന്പനി മാപ്പു പറഞ്ഞു

11:45 PM May 24, 2018 | Deepika.com
ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മെഗാൻ മാർക്കലിനെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തെത്തുടർന്ന് ജർമൻ കന്പനി മാപ്പുപറഞ്ഞു. മധുരപലഹാര നിർമാതാക്കളായ സൂപ്പർ ഡിക്ക്മാൻസാണ് മാപ്പു പറഞ്ഞ് വിവാദത്തിൽ നിന്ന് തടിയൂരാൻ ശ്രമിക്കുന്നത്.

ഹാരിയുടെയും മേഗന്‍റെയും വിവാഹദിനത്തിൽ ചോക്ലേറ്റ് വിവാഹവസ്ത്രമണിഞ്ഞുനിൽക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഡിക്ക്മാൻസ് പുലിവാലുപിടിച്ചത്. നിങ്ങൾക്കും ഇന്നു മേഗനാകാൻ ആഗ്രഹമില്ലേയെന്ന തലക്കെട്ടായിരുന്നു ചിത്രത്തിനൊപ്പം.

എന്നാൽ, ചിത്രം മേഗനെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നാരോപിച്ച് ചിലർ രംഗത്തെത്തിയതോടെയാണ് വിവാദമാകുന്നത്. ഇതേത്തുടർന്ന് കന്പനി സാമൂഹികമാധ്യമങ്ങളിൽ നിന്ന് ചിത്രം പിൻവലിച്ചു.

വിവേകമില്ലാത്തതും നാണക്കേടുണ്ടാക്കിയതുമായിരുന്നു ചിത്രമെന്ന് കന്പനിയുടെ വക്താവ് പറഞ്ഞു. അക്കാര്യത്തിൽ മാപ്പുപറയുന്നുവെന്നും സൂപ്പർ ഡിക്ക്മാൻസിന്‍റെ വർണവൈവിധ്യമുള്ള ലോകം വംശീയ ചിന്തകളിൽനിന്ന് ഒരുപാടകലെയാണെന്നും തങ്ങളുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ നൽകിയ വിശദീകരണത്തിൽ കന്പനി വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ