ദീർഘദൂര യാത്രകൾക്ക് ടിക്കറ്റ് ഇളവുമായി ലുഫ്താൻസ

12:53 AM May 24, 2018 | Deepika.com
ബർലിൻ: ചെലവു കുറഞ്ഞ വിമാന സർവീസുകളോടു മത്സരിക്കാൻ ദീർഘദൂര യാത്രകൾക്കും നിരക്കിളവ് നൽകാൻ ലുഫ്താൻസ തയാറെടുക്കുന്നു. നോർത്ത് അമേരിക്കയിലേക്കുള്ള യാത്രക്കാർക്കായിരിക്കും ഇതിന്‍റെ പ്രയോജനം ആദ്യം ലഭിക്കുക. ഇത് വിജയിക്കുകയാണെങ്കിൽ മറ്റുള്ള സോണുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും കന്പനി പറയുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ വ്യോമ ഗതാഗത ഗ്രൂപ്പാണ് ലുഫ്താൻസ. നിരക്ക് ഇളവ് നൽകുന്ന ടിക്കറ്റുകൾക്കും ഹാൻഡ് ലഗേജ്, കേറ്ററിംഗ് സൗകര്യങ്ങൾ ലഭ്യമായിരിക്കുമെന്നും എന്നാൽ, ഫ്രീ ചെക്ക്ഡ് ലഗേജോ സീറ്റ് തെരഞ്ഞെടുക്കാനുള്ള അവസരമോ ലഭിക്കില്ലെന്നും കന്പനി അറിയിച്ചു.

നിലവിലുള്ള ഇക്കോണമി ടിക്കറ്റിനെക്കാൾ കുറവായിരിക്കും ഇക്കോണമി ലൈറ്റ് ടിക്കറ്റിനെന്ന് കന്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, തുക എത്രയായിരിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. ലുഫ്താൻസയുടെ സബ്സിഡിയറികളായ സ്വിസ് ഇന്‍റർനാഷണൽ എയർലൈൻസ്, ബ്രസൽസ് എയർലൈൻസ്, ഓസ്ട്രേലിയൻ എയർലൈൻസ് എന്നിവയിലും ആനുകൂല്യം ലഭ്യമാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ