കീടാണുക്കളുടെ അഭാവം കാൻസറിനു കാരണമാകുന്നുവെന്നു പഠനം

12:17 AM May 23, 2018 | Deepika.com
ബർലിൻ: കീടാണുക്കൾക്കെതിരായ ബോധവത്കരണമാണ് എവിടെയും. എന്നാൽ, ശുചിത്വം കൂടിക്കൂടി കീടാണുക്കൾ ഇല്ലാതാകുന്നത് കുട്ടികളിൽ കാൻസർ സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

രണ്ടായിരത്തിലൊന്ന് കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന ബ്ലഡ് കാൻസറിനു കാരണമാകുന്നത് ചിലയിനം കീടാണുക്കളുടെ അഭാവമാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ.

ജീവിതാരംഭത്തിൽ ആവശ്യത്തിനു കീടാണുക്കളെ പരിചയപ്പെടാതിരിക്കുന്നത് ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ പിൽക്കാലത്ത് കാൻസറാക്കി മാറ്റുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ചിലെ പ്രഫ. മെൽ ഗ്രീവ്സ് പറയുന്നത്.

ആധുനികവും പുരോഗമിച്ചതുമായ സമൂഹങ്ങളിലാണ് ബ്ലഡ് കാൻസർ കൂടുതലായി കണ്ടുവരുന്നത്. ആധുനിക ജീവിത രീതിക്ക് ഈ രോഗവുമായി ബന്ധമുള്ളതായാണ് ഇതിൽനിന്നു വ്യക്തമാകുന്നതെന്ന് മുപ്പതു വർഷംകൊണ്ടു ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ വാദിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ