ലണ്ടൻ: ആഗോള പ്രവാസി മലയാളി സംഘടനാ കൂട്ടായ്മകളിൽ ഏറ്റവും വലിയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്) ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്പോൾ ഇരട്ടി മധുരവുമായെത്തുന്നത് ചാരിറ്റി രജിസ്ട്രേഷൻ. ഇതോടെ യുക്മ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ നിലവിലുണ്ടായിരുന്ന അഞ്ച് ഭരണസമിതികൾ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
യുക്മ അസോസിയേഷനുകളുടെ കൂട്ടായ്മ എന്ന നിലയിൽ പ്രവർത്തിക്കുന്പോൾ അതിനുള്ളിലെ പല സംഘടനകളും ചാരിറ്റി ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. മാത്രവുമല്ല യുക്മയുടെ ഭരണഘടനയ്ക്ക് അനുസൃതമായ രീതിയിൽ ചാരിറ്റി ട്രസ്റ്റിന്റെ ഭരണഘടനയും ഉണ്ടാവേണ്ടതുണ്ട്. ഇതിനു മുൻപുള്ള ഭരണസമിതികൾ ചാരിറ്റി രജിസ്ട്രേഷന് ശ്രമിച്ചപ്പോഴെല്ലാം ഇത്തരം ചില സാങ്കേതിക കാരണങ്ങളാൽ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. ഇത്തവണ അപേക്ഷ നൽകിയപ്പോഴും ചാരിറ്റി കമ്മീഷൻ ഇത് സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യമായ സമയത്ത് അതിനെല്ലാം മറുപടി നൽകി ഒടുവിൽ 12 മാസങ്ങൾക്ക് ശേഷമാണ് യുക്മയുടെ പേരിൽ ചാരിറ്റി രജിസ്ട്രേഷൻ അനുവദിച്ചുള്ള അറിയിപ്പ് നൽകിയതെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
മാമ്മൻ ഫിലിപ്പ്, റോജിമോൻ വറുഗ്ഗീസ്, അലക്സ് വർഗ്ഗീസ്, അഡ്വ. ഫ്രാൻസിസ് മാത്യു, ലാലിച്ചൻ ജോർജ്, ബൈജു തോമസ്, ബാബു മങ്കുഴി, വർഗീസ് ഡാനിയേൽ തുടങ്ങിയവരാണ് ചാരിറ്റി ട്രസ്റ്റി ബോർഡ് അംഗങ്ങൾ.
പതിറ്റാണ്ടിന്റെ ആഘോഷനിറവിൽ ചാരിറ്റി രജിസ്ട്രേഷനുമായി യുക്മ; എട്ട് അംഗ ട്രസ്റ്റി ബോർഡ്
11:32 PM May 16, 2018 | Deepika.com