വിയന്ന: ശാലോം മീഡിയ ഓസ്ട്രിയയുടെ ആഭിമുഖ്യത്തിൽ ജൂണ്‍ 6 മുതൽ 9 വരെ വിയന്നയിൽ നടക്കുന്ന ’ശാലോം മീറ്റ് 2018’ വിയന്ന മലയാളി കാത്തലിക് കമ്മ്യുണിറ്റി ചാപ്ലയിൻ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സിഎസ്ടി നിർവഹിക്കും. ഇരുപത്തിരണ്ടാമത് ജില്ലയിലെ സ്റ്റഡ് ലൗ ദേവാലയത്തിൽ ജൂണ്‍ 8 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ആരംഭിക്കുന്ന ശുശ്രുഷകളുടെ സമാരംഭത്തിലാണ് ഉദ്ഘാടനകർമ്മം.
വിവിധ രാജ്യങ്ങളിലും ശാലോം ശുശ്രുഷകളിലും പ്രശസ്തമായി വചനശുശ്രുഷകൾ നയിക്കുന്ന ഫാ. ജിൽട്ടോ ജോർജ്ജ് സിഎംഐ, ശാലോം സ്ഥാപകനും ചെയർമാനുമായ ഷെവലിയാർ ബെന്നി പുന്നത്തറ എന്നിവരാണ് മീറ്റിന് നേതൃത്വം നൽകുന്നത്. ജൂണ്‍ 6 ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 വരെ ഇരുപത്തിരണ്ടിലെ എസ്ലിംഗ് ദേവാലയത്തിലും തുടർന്ന് ജൂണ്‍ 8, 9 (വെള്ളി, ശനി) ദിവസങ്ങളിൽ സ്റ്റഡ് ലൗ ദേവാലയത്തിലുമാണ് ശാലോം മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 8.30 വരെയും ശനിയാഴ്ച, രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയുമാണ് സമയം. എല്ലാ മലയാളികളെയും ശാലോം മീറ്റിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്തു.
റിപ്പോർട്ട്: ജോബി ആന്റണി
ശാലോം മീറ്റ് 2018 ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി ഉദ്ഘാടനം ചെയ്യും
11:16 PM May 15, 2018 | Deepika.com