വിദേശ ഡോക്ടർമാർക്ക് യോഗ്യതാ പരീക്ഷ വേണം: ജർമൻ മെഡിക്കൽ കോണ്‍ഫറൻസ്

09:53 PM May 12, 2018 | Deepika.com
ബർലിൻ: യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള ഡോക്ടർമാർക്കു ജർമനിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യത ഉറപ്പാക്കാൻ ഏകീകൃത പരീക്ഷ നടപ്പാക്കണമെന്ന് 121-ാം ജർമൻ മെഡിക്കൽ കോണ്‍ഫറൻസ് ആവശ്യപ്പെട്ടു.മേയ് എട്ടു മുതൽ 11 വരെ എർഫുർട്ടിൽ നടന്ന സമ്മേളനത്തിലാണ് കൗണ്‍സിൽ സർക്കാരിന്‍റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

മെഡിക്കൽ പരീക്ഷയുടെ മൂന്നാം സെക്ഷനു സമാനമായ പരീക്ഷയാണ് ഇവർ ആവശ്യപ്പെടുന്നത്. നിലവിൽ പ്രൊഫഷണൽ ക്വാളിഫിക്കേഷനും ഭാഷാ പരിജ്ഞാനവും തെളിയിച്ചാൽ മാത്രം മതി വിദേശ ഡോക്ടർമാർക്ക് ജർമനിയിൽ ജോലി ചെയ്യാൻ. എന്നാൽ പ്രത്യേകം പരീക്ഷയെഴുതി അവരുടെ മെഡിക്കൽ വൈദഗ്ധ്യം കൂടി തെളിയിക്കണമെന്നാണ് ജർമൻ ഡോക്ടർമാരുടെ ആവശ്യം. ഇതേ മാനദണ്ഡങ്ങൾ തങ്ങൾക്കും ബാധകമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വിദേശ ഡോക്ടർമാർക്ക് കഴിവു തെളിയിക്കുന്ന ഭാഷാ പരിജ്ഞാനം ആവശ്യമാണ്. അതുപോലെ മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ടുള്ള പരീക്ഷകളും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ