ജർമനിയിൽ പെൻഷൻ വർധനവ് ജൂലൈ ഒന്നു മുതൽ

12:22 AM Apr 27, 2018 | Deepika.com
ബർലിൻ: ജർമനിയിൽ കഴിഞ്ഞ വർഷം വർധിപ്പിച്ച പെൻഷൻ ഈ വർഷം ജൂലൈ ഒന്നു മുതൽ വീണ്ടും വർധിപ്പിക്കുന്നു. പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പെൻഷൻ തുകയുടെ വർധനവ് 3.22 ശതമാനവും കിഴക്കൻ സംസ്ഥാനങ്ങളിലെ വർധനവ് 3.37 ശതമാനവുമാണ്. ഇതനുസരിച്ച് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 1000 യൂറോ പെൻഷൻ ലഭിക്കുന്ന ഒരാൾക്ക് 29 യൂറോ കൂടുതലും കിഴക്കൻ സംസ്ഥാനങ്ങളിൽ 1000 യൂറോ പെൻഷൻ ലഭിക്കുന്ന ഒരാൾക്ക് 38.00 യൂറോ കൂടുതലും ലഭിക്കും. ഈ വർഷത്തെ പുതിയ വർധനവിൽ കിഴക്കൻ സംസ്ഥാനങ്ങളിലെ പെൻഷൻ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പെൻഷൻ തുകയുടെ 95.8 ശതമാനമായി ഉയർത്തി.

അടുത്ത വർഷം (2019) മുതൽ കിഴക്കൻ സംസ്ഥാനങ്ങളിലെയും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലേയും പെൻഷൻ തുക പെൻഷൻ തുക ഒന്നായിരിക്കുമെന്നും ജർമൻ സോഷ്യൽ മിനിസ്റ്റർ ഹൂബർട്ടുസ് ഹൈൽ പറഞ്ഞു.

ജർമനിയിലെ ആദ്യകാല പ്രവാസികളിൽ 95 ശതമാനത്തിലേറെ പെൻഷൻ ആസ്വദിക്കുന്ന ഈ സമയത്ത് പെൻഷൻ വർധനവ് വളരെയേറെ ആശ്വാസപ്രദമാണ്. അതുപോല ജർമനിയിൽ പെൻഷൻ ആയ ശേഷം വീട്ടിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് അവരുടെ ജോലി ചെയ്യുന്ന മുറിയുടെ ചെലവ് നികുതി ഇളവായി ലഭിക്കും. എന്നാൽ ഈ പാർട്ട് ടൈം ജോലിയിൽ നിന്നും വരുമാനം ഉണ്ടായിരിക്കണം.

റിപ്പോർട്ട്: ജോർജ് ജോണ്‍